ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണി ഏറ്റവും കൂടുതൽ സജീവമായ കാലഘട്ടമാണ് ഇത്. മിക്ക സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ സാംസങ് ആധിപത്യം തുടരുകയാണ്. ലോക വിപണിയിൽ രണ്ടാം സ്ഥാനക്കാരായ സാംസങ് ഇന്ത്യയിലെ ഒന്നാം സ്ഥാനം ആപ്പിളിന് വിട്ടുകൊടുക്കുന്നില്ല. ഏറ്റവും പുതിയ ഗാലക്സി വാച്ച് 4 സീരീസ് വിൽപ്പനയ്ക്ക് മുമ്പുള്ള കണക്കുകളിലാണ് സാംസങിന്റെ ആധിപത്യം ഉറപ്പിച്ചിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം
ഏറ്റവും പുതിയ ഐഡിസി റിപ്പോർട്ട് അനുസരിച്ച് 2021ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് വാച്ചുകൾ സാംസങിന്റേതാണ്. സാംസങ് നേരത്തെ പുറത്തിറക്കിയ സാംസങ് സ്മാർട്ട് വാച്ചുകളും ഇന്ത്യൻ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ലോകത്തെ മൊത്തം സ്മാർട്ട് വാച്ച് കയറ്റുമതിയുടെ കണക്കിൽ ഒന്നാം സ്ഥാനക്കാരായ ആപ്പിന് തൊട്ട് പിന്നിലായിരുന്നു സാംസങ്. വലിയ വളർച്ചയാണ് സാംസങ് സ്മാർട്ട് വാച്ച് വിപണിയിൽ നേടിയത്.
റിപ്പോർട്ട് അനുസരിച്ച് സാംസങ് വർഷം തോറും 860 ശതമാനം വൻ വളർച്ച കൈവരിച്ചട്ടുണ്ട്. ഇതുവഴിയാണ് കമ്പനി ഇന്ത്യയിലെ മികച്ച സ്മാർട്ട് വാച്ച് വിൽപ്പനക്കാരായത്. ഈ നേട്ടത്തിനായി ലാസ്റ്റ് ജെൻ ഗാലക്സി വാച്ച് ആക്റ്റീവ് 2, ഗാലക്സി വാച്ച് 3 സീരീസ് ഡിവൈസുകൾ എന്നിവയാണ് സാംസങിനെ സഹായിച്ചത്. ഈ വാച്ചുകൾ സാംസങ്ങിന്റെ പഴയ ടൈസൺ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗൂഗിളുമായി സഹകരിച്ച് സാംസങ് വികസിപ്പിച്ച പുതിയ വെയർ ഒഎസ് പ്ലാറ്റ്ഫോം അല്ല ഈ വാച്ചുകളിൽ ഉള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്.
2021ന്റെ ഒന്നാം പാദം അവസാനിച്ച ജൂൺ വരെ സാംസങ് 41.2 ശതമാനം വിപണി വിഹിതമാണ് നേടിയത് എന്ന് ഐഡിസി റിപ്പോർട്ടിൽ പറയുന്നു. ഗാലക്സി വാച്ച് 3, വാച്ച് ആക്റ്റീവ് 2 എന്നിവ ഇപ്പോഴും ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഡിവൈസുകളിൽ നിന്നും ലഭിക്കുന്ന വരുമാനം സാംസങിന് ഈ പാദത്തിലും വലിയ നേട്ടമുണ്ടാക്കും എന്ന് ഉറപ്പാണ്. നിലവിൽ സാംസങിന്റെ സ്മാർട്ട് വാച്ചുകളിൽ ഏറ്റവും ജനപ്രീയം പുതിയ ഗാലക്സി വാച്ച് 4 സീരീസ് ആണ്. ഗാലക്സി വാച്ച് 4, ഗാലക്സി വാച്ച് 4 ആക്റ്റീവ് എന്നിവയാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ വാച്ച് 4 സീരിസിലുള്ള ഡിവൈസുകൾ.
ഗൂഗിളിന്റെ പുതിയ വെയർ ഒഎസ് 3 പ്ലാറ്റ്ഫോമിലാണ് സാംസങ് ഗാലക്സി വാട്ട് 4 സീരിസ് പ്രവർത്തിക്കുന്നത്. വാച്ച് 4ൽ സാംസങ്ങിന്റെ ബയോ ആക്റ്റീവ് സെൻസർ നൽകിയിട്ടുണ്ട്. ഇതിൽ മൂന്ന് ശക്തമായ ആരോഗ്യ സെൻസറുകൾ പ്രവർത്തിപ്പിക്കാൻ ഒരൊറ്റ ചിപ്പ് ഉപയോഗിക്കുന്നു. ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ്, ഇലക്ട്രിക്കൽ ഹാർട്ട്, ബയോഇലക്ട്രിക്കൽ ഇംപെഡൻസ് അനാലിസിസ് എന്നീ സെൻസറുകളാണ് ഇതിലൂടെ പ്രവർത്തിക്കുന്നത്. ഈ സെൻസറുകൾ ഉപഭോക്താക്കളുടെ രക്തസമ്മർദ്ദം നിരീക്ഷിക്കാനും ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കണ്ടെത്താനും രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാനുമെല്ലാം സഹായിക്കുന്നു.
സാംസങ് ഗാലക്സി വാച്ച് 4 എൽടിഇ, ബിടി എന്നീ രണ്ട് പതിപ്പുകളിലാണ് ലഭ്യമാകുന്നത്. ഈ രണ്ട് പതിപ്പുകൾക്കും രണ്ട് വീതം വേരിയന്റുകളും ഉണ്ട്. ബിടി പതിപ്പിലെ വാച്ച് 4 40 എംഎംന് 23,999 രൂപയാണ് വില. 44 എംഎം വേരിയന്റിന്റെ വില 26,999 രൂപയാണ്. എൽടിഇ പതിപ്പിലെ 40 എംഎം വേരിയന്റിന് 28,999 രൂപയും 44 എംഎം വേരിയന്റിന് 31,999 രൂപയുമാണ് വില. സാംസങ് ഗാലക്സി വാച്ച് 4 ക്ലാസിക്ക് ബിടി-ഒൺലിയുടെ 42 എംഎം വേരിയന്റിന് 31,999 രൂപയാണ് വില. ഇതിന്റെ തന്നെ 46 എംഎം പതിപ്പിന് 34,999 രൂപ വിലയുണ്ട്. 42 എംഎം വലുപ്പത്തിലുള്ള എൽടിഇ പതിപ്പിന് 36,999 രൂപയാണ് വില, 46 എംഎം വേരിയന്റിന് 39,999 രൂപ വിലയുണ്ട്. ഈ വാച്ചുകളുടെ പ്രീ ഓർഡറുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്