ആലപ്പാട്: കടലില്‍ നിന്ന് ജീവന്റെ കരയിലേയ്ക്കുള്ള ദൂരം 17 മണിക്കൂര്‍. 37 കാരനായ സാമുവലിന് ഇത് രണ്ടാം ജന്മം. പുലര്‍ച്ചെ ബോട്ടില്‍നിന്നും അബദ്ധത്തില്‍ കാലുതെന്നി കടലില്‍ വീണ മത്സ്യത്തൊഴിലാളി ജീവനും കൈയ്യിലൊതുക്കി നീന്തിയത് 17 മണിക്കൂര്‍. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി സാമുവല്‍ ആണ് മരണത്തിന്റെ കറുത്ത കൈകളില്‍ നിന്ന് നീന്തി കരയിലേയ്ക്ക് എത്തിയത്.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പത്ത് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ദീപ്തി ബോട്ടില്‍ സാമുവല്‍ മത്സ്യബന്ധനത്തിനായി നീണ്ടകരയില്‍നിന്ന് കടലിലേക്കു പോയത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ കായംകുളം ഹാര്‍ബറിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ പ്രാഥമിക കൃത്യത്തിനിടെയാണ് ബോട്ടില്‍നിന്നു തെന്നി കടലില്‍ വീണത്. ബോട്ട് ഓടുകയായതിനാല്‍ കൂടെയുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതുമില്ല. മറ്റ് ബോട്ടുകാരുടെ കണ്ണില്‍പ്പെടാനായി ഒരു മണിക്കൂറോളം സാമുവല്‍ വീണിടത്തുതന്നെ നീന്തിക്കിടന്നു.
പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. 16 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തോളം കുറേശ്ശെയായി നീന്തി. സന്ധ്യ കഴിഞ്ഞിട്ടും ക്ഷീണിതനായിട്ടും മനസാന്നിദ്ധ്യം കൈവിട്ടില്ല. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ‘യേശു ആരാധ്യന്‍’ എന്ന ബോട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ എറിഞ്ഞുകൊടുത്ത കയറില്‍ പിടിച്ച് സാമുവല്‍ രക്ഷാബോട്ടില്‍ കയറി. രാത്രി ഒരു മണിയോടെ ബോട്ട് നീണ്ടകരയിലെത്തി. പ്രഥമ ശുശ്രൂഷകള്‍ ക്കായി സാമുവലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ റീജ, മക്കളായ അഖില്‍, അവന്തിക എന്നിവരോടൊപ്പം ആദിനാട് ആറ്റുപറമ്പില്‍ സ്‌നേഹതീരം സുനാമി കോളനിയിലാണ് സാമുവലിന്റെ താമസം.