പത്തനംതിട്ട : പമ്പയില്‍ നിന്ന് വടശ്ശേരിക്കര ഫോറെസ്റ്റ് റേഞ്ചിലെ അരിയ്ക്കകാവ് മാതൃക തടി ഡിപ്പോയിലെത്തിച്ച മണല്‍ വാങ്ങാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആരും എത്താത്തതിനാൽ വനം വകുപ്പിന്റെ പദ്ധതി പൊളിഞ്ഞു. വിവിധ വകയിൽ ലക്ഷങ്ങൾ പോയത് മിച്ചം. മണൽ പൂർണ്ണമായും ഉപയോഗ്യ ശൂന്യമായി. തടി ഡിപ്പോയിൽ മണൽ കൂട്ടിയിട്ട ഭാഗം കാടു കയറി. മണൽ കൂനക്ക് മുകളിൽ തകിടി പുല്ല് വളർന്നു മൺ പുറ്റായി മാറി. തെരുവ് നായ്ക്കളുടെ വിശ്രമ കേന്ദ്രമാണ് നിലവിൽ ഇവിടം. എന്നാൽ ഇപ്പോഴും വനം വകുപ്പ് ലേലം വിജ്ഞാപനം ആവർത്തിക്കുന്നുണ്ട്.
2018 ലെ മഹാ പ്രളയത്തില്‍ പമ്പ തൃവേണിയില്‍ അടിഞ്ഞുകൂടിയ വന്‍ ധാതു നിക്ഷേപത്തില്‍ നിന്ന് ആയിരം ഘന മീറ്റര്‍( 62 ലോഡ്)മണലാണ് പമ്പ ഉള്‍പ്പെടുന്ന റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഏക തടി ഡിപ്പോയായ അരിയ്ക്കകാവില്‍ വില്‍പ്പനയ്ക്കായി എത്തിച്ചത്. 2019 ജൂലൈ 10 ന് തിരുവന്തപുരം സ്വദേശിയായ കരാറുകാരൻ 5,93,340 രുപയ്ക്കാണ് മണല്‍ നീക്കാന്‍ ലേലം കൊണ്ടത്. കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ചരിവുള്ള ഭുപ്രകൃതിയാണ് അരിയ്ക്കകാവ് ഡിപ്പോയിലേത് . മണല്‍ ഒലിച്ച് പോകാതിരിക്കാന്‍ വടശ്ശേരിക്കര ചിറ്റാര്‍ റോഡിന് സമാന്തരമായി മണല്‍ കൂനയ്ക്ക് ചുറ്റു മതില്‍ പണിത വകയില്‍ രണ്ടലക്ഷത്തിലേറെ രൂപ വേറെയും വനം വകുപ്പിന് ചെലവായി.
വന വിഭവങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്ന എം എസ് റ്റി സി വെബ് സൈറ്റ് വഴിയാണ് മണലിനും ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത് . അംശികൃത വ്യാപാരികള്‍ അല്ലാത്തവര്‍ 575 രൂപാ മുടക്കി ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു ഘന മീറ്റര്‍ മണലിന് 1200 രൂപയാണ് കുറഞ്ഞ റേറ്റ് . ലേലം കൊള്ളുന്ന ആള്‍ ഉറപ്പിച്ച് കിട്ടിയ തുകയ്ക്ക് പുറമേ അഞ്ചു ശതമാനം വനം വികസന നികുതിയും (എഫ് ഡി റ്റി ) അഞ്ചു ശതമാനം ജി എസ് ടി യും ഒരു ശതമാനം പ്രളയ സെസും അടയ്ക്കണം ലോഡിംഗ് കൂലി പുറമേ വരും.
ചെളിയും ഉരുളന്‍ കല്ലുകളും പ്ലാസ്റ്റിക് കുപ്പികള്‍ അടകം പ്രളയത്തില്‍ ഒലിച്ചുവന്നതെല്ലാം മണല്‍ ശേഖരത്തിലുണ്ട് . ഒരു ഘന മീറ്റര്‍ പാറമണല്‍ ലോഡിംഗ് കൂലിയടക്കം 1100 രൂപയ്ക്ക് കിട്ടുമെന്നതാണ് ആവശ്യക്കാരെ മണല്‍ ലേലത്തില്‍ പിന്തിരിപ്പിക്കുന്നത്. 2019 ആഗസ്റ്റ് 27 നായിരുന്നു ആദ്യ ലേലത്തിന് വിജ്ഞാപനം . ഒരു മാസം രണ്ട് ലേല തീയതി എന്ന കണക്കില്‍ 40 തവണയിൽ കൂടുതൽ ലേലത്തിന്റെ അറിയിപ്പ് വന്നിട്ടും ഒരാള്‍ പോലും ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല.
അധികാരികളുടെ ദീര്‍ഘ വീക്ഷണമില്ലായ്മ കൊണ്ടാണ് മണല്‍ കച്ചവടം പരാജയപ്പെട്ടതെന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ആരോപ്പിച്ചു. ചെളിയുടെയും മാലിന്യങ്ങളുടെ ആധിക്യമുള്ള മണല്‍ , കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചതല്ലന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണ്. പുന്തോട്ടങ്ങളുടെയും പുല്‍ത്തകിടികളുടെയും നിര്‍മ്മാണത്തിന് ഉരുളന്‍ കല്ലുകളും ചെളി മിശ്രിത മണലും യോജിച്ചതാകയാല്‍ വില കുറച്ചുവിറ്റാല്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടാകുമായിരുന്നു. കല്ലുകളും മരക്കുറ്റികളും മാലിന്യങ്ങളും നീക്കം ചെയ്ത് മണല്‍ ചാക്കുകളിലാക്കി പായ്ക്ക് ചെയ്ത് ഈ ടെണ്ടര്‍ നടപടി ഒഴിവാക്കി നേരിട്ട് ചില്ലറ വില്‍ക്കാന്‍ നടപടിയുണ്ടായാല്‍ ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് ജോലിയും ലഭിക്കുമായിരുന്നു. ഇതെല്ലാം അധികാരികളുടെ ശ്രെദ്ധയിൽ കൊണ്ടുവന്നതാണ് ജ്യോതിഷ് കുമാര്‍ പറഞ്ഞു.