കാഞ്ഞങ്ങാട് : ഉദുമ മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന്റെ പള്ളിക്കര ആലക്കോട്ടെ വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ചട്ടഞ്ചാല്‍ സ്വദേശി റഷീദ്, കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി അബ്ദുല്ല എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് മണിക്കൂറുകള്‍ക്കകം പോലീസ് പ്രതികളെ വലയിലാക്കിയത്. കാഞ്ഞങ്ങാട്ടു വെച്ചാണ് ഇരുവരും പിടിയിലായത്. മോഷ്ടിച്ച ചന്ദനവും ഇവരില്‍നിന്നും കണ്ടെടുത്തു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സിപിഎം നേതാവ് കൂടിയായ കെ.കുഞ്ഞിരാമന്റെ വീടിനോടു ചേര്‍ന്നുണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ചന്ദനമരം നാലംഗ സംഘം മുറിച്ചു കടത്തിയത്. ഈ സമയത്ത് ശക്തമായ മഴയായതിനാല്‍ വീട്ടുകാര്‍ മരം മുറിക്കുന്ന ശബ്ദും കേട്ടില്ല. രാവിലെയാണ് ചന്ദന മരം മുറിച്ച് കടത്തിയതായി കണ്ടെത്തിയത്. നാലുപേര്‍ വാളും മറ്റും ആയുധങ്ങളുമായി വീട്ടിന് മുന്നിലൂടെ നടന്നു വരുന്ന ദൃശ്യമാണ് പതിഞ്ഞത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.