തളിപ്പറമ്പ് : കണ്ണൂരില്‍ 133 കിലോ ചന്ദനവുമായി മൂന്നു പേര്‍ അറസ്റ്റില്‍. വിവിധ ഇടങ്ങളില്‍ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് 20 ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനവുമായി മൂന്നുപേരെ പിടികൂടിയത്. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണന്‍ (48), പ്രദീപ് (48), ബിനേഷ് കുമാര്‍ (43) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നുപേരില്‍ നിന്നായി 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയായ മാതമംഗലം പെരുവാമ്പ സ്വദേശി നസീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 116 കിലോ ചന്ദനവും പിടിച്ചെടുത്തു. പ്രധാന പ്രതിയടക്കം രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. തലവില്‍ കേന്ദ്രീകരിച്ചു ചന്ദനമരം മുറിച്ചു കടത്തുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി രതീശന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നസീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വനം വകുപ്പ് എത്തുന്നതിനു മുന്‍പ് തന്നെ നസീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം വനം വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.