പാലക്കാട് : വനംവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ ലോറിയില്‍ കടത്തിയ 1100 കിലോ ചന്ദനമണ് പിടികൂടിയത്. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരിയില്‍ നിന്നും തമിഴ്നാട്ടിലേയ്ക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1100 കിലോ ചന്ദനമാണ് വനം വകുപ്പിന്‍റെ വിജിലന്‍സ് വിഭാഗം പിടികൂടിയത്.
പാലക്കാട് ഒലവക്കോട് വച്ച് പാലക്കാട് – നെന്മാറ ഫോറസ്റ്റ് ഡിവിഷനുകളുടെ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനം പിടികൂടിയത്. ലോറിയില്‍ രഹസ്യ അറയുണ്ടാക്കി അതില്‍ 57 ചാക്കുകളിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. കേസില്‍ ഒറ്റപ്പാലം സ്വദേശി അബ്ദുള്‍ സലാം, മഞ്ചേരി സ്വദേശി മുഹമ്മദ് അനസ് എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നും പാലക്കാട് ഡിഎഫ്ഒ കുറാ ശ്രീനിവാസ് പറഞ്ഞു. മഞ്ചേരി മൂച്ചിക്കല്‍ സ്വദേശി കുട്ടിമാന്‍ എന്നയാളുടേതാണ് ചന്ദനമെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവര്‍ നേരത്തേയും ചന്ദനം കടത്തിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ചന്ദനത്തിന്‍റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു. സമീപകാലത്ത് നടന്ന വലിയ ചന്ദനവേട്ടയാണിത്. ഇത്രയധികം ചന്ദനം എവിടെ നിന്നും ശേഖരിച്ചു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ കിട്ടേണ്ടതുണ്ട്. എത് മേഖലയില്‍ നിന്നുമാണ് ചന്ദനമരങ്ങള്‍ മുറിച്ചതെന്ന് കണ്ടെത്തണം. മലപ്പുറത്തിന് പുറമെ സമീപ ജില്ലകളില്‍ നിന്നും ചന്ദനം ശേഖരിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘമാണിതെന്നാണ് പ്രാഥമിക സൂചന.