പാലക്കാട് : സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടുന്നുണ്ടെങ്കിൽ നേതൃത്വം അത് തടയണമെന്നും നേതൃത്വം ഇക്കാര്യത്തിൽ അൽപം കൂടി ശുഷ്കാന്തി കാണിക്കണമെന്നും ചെന്നിത്തല വിമർശിച്ചു. തിരഞ്ഞെടുപ്പ് കാലത്തല്ല വിമർശനങ്ങൾ പറയേണ്ടതെന്ന് പറഞ്ഞ ചെന്നിത്തല തനിക്കും പല കാര്യങ്ങളിലും പ്രയാസമുണ്ടെന്നും, എന്നാൽ തെരഞ്ഞെടുപ്പ് കാലത്താണോ അതൊക്കെ പറയേണ്ടതെന്നും വ്യക്തമാക്കി. കോൺഗ്രസിന് ഒരിക്കലും കുറച്ച് പേരിലേക്ക് മാത്രമായി ചുരുങ്ങാനാവില്ല. ചർച്ചകൾ ഉണ്ടാവണമെന്നും താനും ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്ന കാലത്ത് അത് കൃത്യമായി ഉണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അഭിമുഖത്തിൽ ബിജെപിയുമായി പിണങ്ങിനിൽക്കുന സന്ദീപ് വാര്യരെ ‘നല്ല ചെറുപ്പക്കാരൻ’ എന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്. കോൺഗ്രസ് വിട്ട സരിനെയും സ്വീകരിച്ച സിപിഐഎമ്മിനെയും രമേശ് ചെന്നിത്തല വിമർശിച്ചു. ബിജെപിയിൽ ചാൻസ് ഇല്ലാത്തത് കൊണ്ടാണ് സരിൻ സിപിഐഎമ്മിലേക്ക് പോയത്. നിക്ഷിപ്ത താൽപര്യത്തിൻ്റെ പേരിൽ പാർട്ടി വിട്ടവരെ ഒരിക്കലും സിപിഐഎം മത്സരിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അൻവറിൽ നിന്ന് പോലും പാഠം പഠിക്കാത്ത ഈ അവസരവാദപരമായ നയത്തിന് പാർട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. സിപിഐഎം ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപിയെ വിമർശിക്കാത്ത പിണറായി അവരെ പ്രീണിപ്പിക്കുകയാണെന്നും പാലക്കാട് ആരും രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ലെന്നും പറഞ്ഞു. താൻ കേരളത്തിൽത്തന്നെ സജീവമായി ഉണ്ടാകുമെന്നും കേന്ദ്ര- കേരള സർക്കാരുകൾക്ക് ഈ തെരഞ്ഞെടുപ്പ് ഫലം താക്കീതാകുമെന്നും പറഞ്ഞ ചെന്നിത്തല ഷാഫി പറമ്പിലിനെക്കാൾ ഭൂരിപക്ഷം രാഹുൽ നേടുമെന്നും പറഞ്ഞു.