കൊച്ചി : യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. ദളിത് പെണ്‍കുട്ടിയായ സംഗീതയുടെ മരണത്തില്‍ ഭര്‍ത്താവ് സുമേഷ്, ഭര്‍തൃമാതാവ് രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. രമണിയെയും മനീഷയെയും കുന്നംകുളത്തെ വീട്ടില്‍ നിന്ന് വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെന്‍ട്രല്‍ പോലീസിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ചോദ്യംചെയ്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ജൂണ്‍ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2020 ലായിരുന്നു സുമേഷിന്റെയും സംഗീതയുടെയും വിവാഹം. തൃശൂര്‍ കുന്നംകുളത്തെ സുമേഷിന്റെ വീട്ടില്‍ വെച്ച് കുടുംബാംഗങ്ങളില്‍ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു.
ലയ സമുദായ അംഗമായ സംഗീതയെ ഉള്‍ക്കൊള്ളാന്‍ ഈഴവ സമുദായത്തില്‍പ്പെട്ട സുമേഷിന്‍റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. പിന്നീട്, സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ സമ്മര്‍ദ്ദം തുടര്‍ന്നു. സ്ത്രീധനം തന്നില്ലെങ്കില്‍ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്റെ ഭീഷണി. ഇതിനിടയില്‍ സംഗീത ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ അഞ്ചാം മാസത്തില്‍ കുഞ്ഞ് മരിച്ചതിനു ശേഷവും അധിക്ഷേപം തുടര്‍ന്നു.