സിഡ്‌നി : ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇനി മിക്‌സഡ് ഡബിള്‍സില്‍ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്. വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിള്‍സില്‍ 27ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68ാം റാങ്കിലാണ് സാനിയ. ‘ചില കാര്യങ്ങള്‍ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാല്‍ മൂന്ന് വയസ്സുകാരനായ എന്റെ മകനെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാല്‍മുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊര്‍ജം ഇപ്പോള്‍ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.’- സാനിയ പറഞ്ഞു.
‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ ‘ഇഎസ്‌പിഎന്നി’നോട് സ്ഥിരീകരിച്ചു. ഇത്തവണ യുക്രെയ്ന്‍ താരം നാദിയ കിചെനോക്കിനൊപ്പമാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ടൂര്‍ണമെന്റില്‍ 12ാം സീഡായിരുന്നെങ്കിലും ആദ്യ റൗണ്ടില്‍ത്തന്നെ ഇരുവരും തോറ്റു പുറത്തായി. സ്ലൊവേനിയന്‍ സഖ്യമായ കാജ യുവാന്‍ ടമാര സിദാന്‍സേക് എന്നിവരാണ് ആദ്യ റൗണ്ടില്‍ത്തന്നെ സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്. 4-6, 6-7 (5) എന്ന സ്‌കോറിലായിരുന്നു സ്ലൊവേനിയന്‍ സഖ്യത്തിന്റെ വിജയം.
ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സാനിയ. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍ക്കു പുറമേ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കിരിടീം ചൂടിയിട്ടുണ്ട്. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസിനൊപ്പം 2016 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് ഏറ്റവുമൊടുവില്‍ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയത്. ഡബിള്‍സില്‍ സാനിയ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത് ഹിന്‍ജിസിനൊപ്പമായിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയ, ഏതാനും വര്‍ഷങ്ങളായി കളത്തില്‍ പഴയതുപോലെ സജീവമല്ല. 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വിട്ടുനിന്നു.
2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്. അന്ന് ഒസ്ട്രാവ ഓപ്പണില്‍ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43ാം ഡബിള്‍സ് കിരീടമാണ്. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ നേടി രാജ്യം ആദരിച്ച പ്രതിഭയാണ്. ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. ആറ് ഗ്രാന്‍ഡ് സ്ലാമുകള്‍ താരം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിങ്, കോമണ്‍വെല്‍ത്ത് മെഡലുകളും വിജയിച്ച സാനിയ 2016 ലാണ് അവസാനമായി ഗ്രാന്‍ഡ് സ്ലാം വിജയിക്കുന്നത്.