എടത്വ: കോവിഡ് മൂലം ആറാം മാസം അമ്മ നഷ്ടപ്പെട്ട സഞ്ജനമോൾ ആദ്യാക്ഷരം കുറിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറിയും തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ മാനേജരുമായ റവ.ഫാദർ വില്യംസ് ചിറയത്ത് നെൽമണി താലത്തിൽ സഞ്ചനയുടെ ചൂണ്ടുവിരൽ പിടിച്ച് ‘അമ്മ’ യെന്ന് എഴുതിപ്പിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഒപ്പം തൊഴുകൈകളുമായി മുത്തച്ഛി വത്സലയും അരികിൽ ചേർന്ന് നിന്നു.
ആദ്യാക്ഷരം കുറിക്കുന്നതിന് മുന്നോടിയായി സൗഹൃദ നഗർ വാലയിൽ ബെറാഖാ ഭവനിൽ നടന്ന പ്രാർത്ഥന ശുശ്രൂഷ ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. അജോയി കെ വർഗ്ഗീസ്, തോമസ്ക്കുട്ടി പാലപറമ്പിൽ, പി.ഡി സുരേഷ്, ശ്രീജയൻ മറ്റത്തിൽ, ഡാനി തോമസ് എന്നിവർ പ്രസംഗിച്ചു. അറിവിൻ്റെ ലോകത്തേക്ക് പിച്ചവെച്ച സജ്ഞനയ്ക്ക് സമ്മാനങ്ങളും പുതുവസ്ത്രവും കൈമാറി.
2021 ജൂൺ 6ന് ആണ് സഞ്ജനയുടെ അമ്മ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തൻ്റെയും വത്സലകുമാരിയുടെ ഏകമകൾ ആയിരുന്നു ജയന്തി. ആകെയുണ്ടായിരുന്ന മൂന്ന് സെൻ്റ് വസ്തു വിറ്റിട്ടാണ് ജയന്തിയെ വിവാഹം കഴിപ്പിച്ചത്. എന്നാൽ ഭർത്തൃ വീട്ടിൽ ചില മാസങ്ങൾ മാത്രമാണ് ജയന്തി നിന്നിട്ടുള്ളത്. ഒരു മാസം ഗർഭിണിയായതിന് ശേഷം മുതൽ താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം തലവടിയിൽ വാടക വീട്ടിലായിരുന്നു. ജയന്തി മരിക്കുമ്പോൾ സഞ്ജനയ്ക്ക് 6 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് ജയന്തിയുടെ പിതാവിൻ്റെ ജീവനും കോവിഡ് അപഹരിച്ചു. വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ വത്സലകുമാരി ചെറുമകൾ സഞ്ജനയുമായി പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് എടത്വ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദി രണ്ടര വർഷം മുമ്പ് സഹായഹസ്തവുമായി എത്തിയത്.
സജ്ഞനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ഇടം പിടിക്കാഞ്ഞതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ജലജ റാണിയുടെ ഇടപെടൽ നിമിത്തമാണ് കോവിഡ് മരണപട്ടികയിൽ ജയന്തിയുടെ പേര് ഇടം പിടിച്ചത്. സൗഹൃദ വേദി ഭാരവാഹികൾ എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസിൻ്റെ സഹായത്തോടെ കഴിഞ്ഞ മൂന്ന് ജന്മദിനങ്ങളിലും പുറക്കാട് എത്തി കേക്ക് മുറിച്ച് ഭക്ഷ്യധാന്യ കിറ്റുകളും സമ്മാനങ്ങളും പുതുവസ്ത്രങ്ങളും നല്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.