മുംബൈ : രണ്ട് മാസത്തിലേറെയായി ജയിലിൽ കഴിയുന്ന ശിവസേന എംപി സഞ്ജയ് റാവത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 17 വരെ നീട്ടി. പത്രവാല ചൗൾ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഈ ആഗസ്റ്റ് ഒന്നിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റാവത്തിനെ അറസ്റ്റ് ചെയ്‌തത്. നേരത്തെ മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തിയ കേസ് ഇഡി ഏറ്റെടുക്കുകയായിരുന്നു.
1,034 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്ന് റാവത്തിനെ അറസ്റ്റ് ചെയ്തത്. റാവുത്തിന്‍റെ സുഹൃത്തും മുഖ്യപ്രതിയുമായ പ്രവീൺ റാവത്ത് 112 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തട്ടിപ്പ് നടത്താൻ റാവത്ത് പ്രതികളെ സഹായിച്ചിട്ടുണ്ടെന്നും ഇതിന് പകരമായി 1.06 കോടി രൂപ ശിവസേനാ നേതാവിനും ഭാര്യ വർഷ റാവത്തിനും വ്യത്യസ്ത മാർഗങ്ങളിലൂടെ ഇവർ എത്തിച്ചു നൽകിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
രണ്ട് മാസത്തിലേറെയായി ജയിലിൽ കഴിയുന്ന റാവത്ത് തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മുംബൈ സെഷൻസ് കോടതിയിലെത്തിയിരുന്നു. റാവത്ത് കോടതിയിൽ എത്തിയത് അറിഞ്ഞതോടെ നിരവധി ശിവസേന പ്രവർത്തകരാണ് അദ്ദേഹത്തിനെ കാണാനായി കോടതി പരിസരത്ത് തടിച്ചുകൂടിയത്.