ദില്ലി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സഞ്ജയ് സിങ്ങിന് സസ്പെന്‍ഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്പെന്‍ഷന്‍. മണിപ്പൂരിലെ വിവാദ വൈറല്‍ വീഡിയോയെ ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന്റെ നടപടി.
സഞ്ജയ് സിങ്ങിനെതിരെ നടപടി തേടി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. സഭാ അധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ എംപി തുടര്‍ച്ചയായി അവഗണിച്ചെന്ന് പ്രമേയത്തില്‍ ആരോപിച്ചിരുന്നു. മണിപ്പൂരിലെ കാങ്കോക്പിയില്‍ രണ്ട് സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് സഞ്ജയ് സിംഗ് അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍ഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എംപിയെ സസ്‌പെന്‍ഡ് ചെയ്ത ഉടന്‍, പ്രതിപക്ഷ അംഗങ്ങള്‍ ബഹളമുണ്ടാക്കിയതോടെ സഭാ നടപടികള്‍ 2 മണി വരെ നിര്‍ത്തിവച്ചു.