ലഖ്നൗ: ലഖ്നൗ കോടതിയില്‍ ഗുണ്ടാസംഘ തലവന്‍ സഞ്ജീവ് ജീവ വെടിയേറ്റ് മരിച്ചു. കോടതി ഹൗസിനുള്ളിലാണ് സംഭവം നടന്നത്. അക്രമികള്‍ വെടിയുതിര്‍ത്തതോടെ സഞ്ജീവ് ജീവ കൊല്ലപ്പെടുകയും ഒരു പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുണ്ട നേതാവ് മുക്താര്‍ അന്‍സാരിയുടെ കൂട്ടാളിയാണ് സഞ്ജീവ് ജീവ. അഭിഭാഷകന്റെ വേഷത്തിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്താര്‍ അന്‍സാരിയുടെ അടുത്ത സഹായിയായ സഞ്ജീവ് മഹേശ്വരി ജീവ, ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസില്‍ സഹപ്രതിയായിരുന്നു. അതില്‍ മുഖ്താര്‍ അന്‍സാരിയും പ്രതിയാണ്. ജീവയെ ലഖ്നൗ കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുവന്നതാണ്. ഇയാള്‍ മറ്റ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു.