മുംബൈ : ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലിടം പിടിക്കും. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനായിരുന്നു ജയം. രാജസ്ഥാനെ 37 റൺസിന് തോൽപിക്കുകയായിരുന്നു. ഗുജറാത്തിന്റെ 192 റൺസ് പിന്തുടർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 പന്തിൽ പുറത്താവാതെ 87 റൺസെടുത്ത ഹാർദിക് പാണ്ഡ്യയായിരുന്നു ടോപ് സ്കോറർ.രണ്ടാമത് ബാറ്റ് ചെയ്‌ത ഏഴ് കളിയിൽ ആറിലും ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടമായിട്ടും എട്ട് കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജു.
ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ എന്നിവരാണ് ഗുജറാത്ത് ബാറ്റിംഗ് നിരയിലെ കരുത്തർ. എന്നാൽ ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവെരാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയിലെ കരുത്തർ. സ്‌പിൻ നിരയുടെയും പേസ് നിരയുടെയും കരുത്തും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.