തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമിയുടെ “തിരു ആറാട്ട്” നടത്താൻ നൂറ്റാണ്ടുകൾക്കു മുമ്പേ രാജകൊട്ടാരത്തിൽ നിന്ന് ശംഖുംമുഖം ബീച്ചില്‍ പണിയിച്ച ആറാട്ട് മണ്ഡപത്തിനു ചുറ്റും ഇപ്പോള്‍ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി പറഞ്ഞു.
പാർക്ക് വിപുലീകരണം എന്ന പേരിൽ ടൂറിസം വകുപ്പാണ് ഇവിടെ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആറാട്ട് പൂജകൾ നടത്തുന്ന കരിങ്കൽ മണ്ഡപത്തിനു മുന്നിൽ പത്തടിയിലേറെ വീതിയിൽ കോൺക്രീറ്റ് റോഡ് ഉണ്ടാക്കിയിരിക്കുന്നതും ആറാട്ടു കൊട്ടാരത്തിന്റെ മതിലിനോട് ചേർന്ന് 3 കടമുറികൾ നിർമ്മിച്ചിരിക്കുന്നതും ആറാട്ട് മണ്ഡപത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുവാനാണ്. ആറാട്ട്, കർക്കിടകവാവ് ബലി തുടങ്ങിയ ആചാരങ്ങൾക്ക് ശല്യമാകുന്ന ഇത്തരം നിര്‍മ്മാണങ്ങള്‍ ഉടന്‍തന്നെ പൊളിച്ചു നീക്കണം.
ശംഖുംമുഖം പതിനായിരക്കണക്കിന് ആളുകൾ കർക്കിടകവാവ് ബലി ഇടാൻ വരുന്ന ഒരു ബലിക്കടവ് ആണ്. ഏറ്റവും വൃത്തിയുള്ള മണൽ, ശുദ്ധിയുള്ള അന്തരീക്ഷം, യാത്രാ സൗകര്യം തുടങ്ങിയ കാരണങ്ങളാൽ ഏറെ ആളുകൾ ഇവിടെയെത്തി ബലിയിടുന്നു. ഇപ്പോൾ ടൂറിസത്തിന്റെ പേരിൽ പാർക്ക് പണിയാൻ ഇവിടെയുള്ള സ്ഥലം മൊത്തം എടുത്തിരിക്കുകയാണ്. ആറാട്ട് മണ്ഡപത്തെ അപ്രധാനമാക്കിക്കൊണ്ട് പാര്‍ക്ക് പണിയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
സുപ്രീം കോടതി നിയമിച്ച പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളും ഹൈന്ദവ സംഘടനകളും പ്രദേശം അടിയന്തിരമായി സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അഖില കേരള തന്ത്രി മണ്ഡലം പ്രസിഡന്റ് വി.ആര്‍.നമ്പൂതിരി, വെെസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കുടല്‍മന വിഷ്ണു നമ്പൂതിരി, ട്രഷറര്‍ എസ് .ഗണപതി പോറ്റി എന്നിവര്‍ ആവശ്യപ്പെട്ടു.
.