ശബരിമല : പരമ്പരാഗത പാത തുറന്ന സാഹചര്യത്തിൽ സന്നിധാനത്ത് തീർത്ഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. അന്നദാനമണ്ഡപത്തിന് മുകളിലെ വിരിവെപ്പ് കേന്ദ്രമാണ് ചൊവ്വാഴ്ച (ഡിസംബർ 14 ) മുതൽ തുറന്ന് കൊടുക്കുക. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ എ ഡി എം അർജുൻപാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. നിലവിൽ റൂമുകളിലും വലിയ നടപ്പന്തലിന് സമീപത്തെ വിശ്രമകേന്ദ്രത്തിലുമാണ് തീർത്ഥാടകർ വിരിവെക്കുന്നത്.
അന്നദാനമണ്ഡപത്തിന് മുകളിലെ ഹാൾ കൂടി തുറക്കുന്നതോടെ സന്നിധാനത്ത് അയ്യായിരത്തോളം തീർത്ഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യമൊരുങ്ങും. തീർത്ഥാടനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ യോഗം വിലയിരുത്തി. പരമ്പരാഗത പാതയിലെ ആരോഗ്യ വകുപ്പിൻ്റെ ഇ എം സി കൾ തീർത്ഥാടകർ ഒഴിയുന്നത് വരെ നിത്യവും രാത്രി തുറന്ന് പ്രവർത്തിക്കും. ചുക്ക് വെള്ള വിതരണ സംവിധാനവും തുടരും.
ലഘുഭക്ഷണശാലകൾ തുറക്കാത്ത സാഹചര്യത്തിൽ പരമ്പരാഗത പാതയിൽ ഭക്തർക്കുള്ള ലഘുഭക്ഷണ വിതരണം തുടരും. തീർത്ഥാടകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആംബുലൻസ് സ്ട്രക്ചർ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്താനും യോഗം നിർദ്ദേശം നൽകി. സ്പെഷ്യൽ ഓഫീസർ ആർ ആനന്ദ്, ദേവസ്വം ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ വി കെ കെ വാര്യർ, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ സുനിൽ കുമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.