കാലടി : യശ:ശരീരനായ വി.രാഘവന്റെ സംസ്കൃതം വേദാന്ത വിഷയ സംബന്ധിയായ ഗ്രന്ഥശേഖരം അദ്ദേഹത്തിന്റെ മകളും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പീഡിയാട്രിക് ജനറിക് വിഭാഗം പ്രൊഫസറുമായ ഡോ.ഷീലാ നമ്പൂതിരി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് കൈമാറി. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിൽ നടന്ന ചടങ്ങിൽ പ്രോ വൈസ് ചാൻസലർ ഡോ.കെ.മുത്തുലക്ഷ്മി ഗ്രന്ഥശേഖരം ഏറ്റുവാങ്ങി.
സംസ്കൃതം വേദാന്ത വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.എം.എസ് മുരളീധരൻപിളള അധ്യക്ഷനായിരുന്നു. സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറായി നിയമിതയായ വേദാന്ത വിഭാഗം മുൻ ഡീനും അധ്യക്ഷയും പ്രൊഫസറുമായിരുന്ന ഡോ.കെ.മുത്തുലക്ഷ്മിയെ ചടങ്ങിൽ അനുമോദിച്ചു. സർവ്വകലാശാലയുടെ സംസ്കൃതം വേദാന്ത വിഭാഗം ഡീൻ ഡോ.എസ്.ഗീതാമണി അമ്മ, ഡോ.വി.വസന്തകുമാരി, ഡോ.എസ്.ഷീബ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശേഖരം സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം വേദാന്ത വിഭാഗം ലൈബ്രറിയിലാണ് സൂക്ഷിക്കുന്നത്.