കൊച്ചി : സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറയുന്നു. ആരും ഇപ്പോൾ ടിവി കാണുന്നില്ല. എല്ലാവരും മൊബൈലിൽ ആണ്. അതുകൊണ്ട് കാലത്തിനൊത്ത് താനും ഉടനെ മാറും എന്നാണ് പറയുന്നത്. സന്തോഷ് ജോർജ് എന്നും ഒരു നല്ല മാതൃകയാണ്. ജെറി പൂവക്കാലയുടെ വിവരണം.
—
പത്താം ക്ലാസ് കഴിഞ്ഞ് അപ്പൻ കോളേജിൽ വിട്ടില്ല. അപ്പൻ നടത്തുന്ന പാരലൽ കോളേജിൽ രാവിലെ പഠിത്തം, വൈകിട്ട് പ്രിന്റിങ് പ്രസ്സിൽ ജോലി. അവിടെ ഉള്ള ബെഞ്ചിൽ ഉറക്കം. പിന്നീട് അപ്പന്റെ ബിസിനസ് നടത്താൻ അപ്പന്റെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നു കടം മേടിക്കുന്നതായിരുന്നു പണി. എല്ലാ മാസവും അതിന്റെ പലിശ റോൾ ചെയ്യുന്നതായിരുന്നു ജീവിതത്തിൽ ആദ്യം എടുത്ത റിസ്ക്.
ബാല്യകാലം എത്ര സുഖകരമായിരുന്നില്ല. അച്ഛന്റെ ബിസിനസ്സുകള്‍ ഒന്നൊന്നായി പൊട്ടുന്നു. വീട്ടിൽ കടഭാരം. അമ്മാവന്റെ കയ്യിൽ നിന്ന് മേടിച്ച പൈസ തിരിച്ചടയ്ക്കാൻ കഴിയാതെ, ഉണ്ടായിരുന്ന റബ്ബർ തോട്ടം മുഴുവൻ അവർക്ക് എഴുതി കൊടുക്കുന്നു. നെല്ല് പുഴുങ്ങി ഉണക്കുകയും അതിനായി ഉള്ള വിറക് സംഘടിപ്പിക്കാൻ പറമ്പിൽ പോകുകയുമാണ് സന്തോഷിന്റെ പണി. പശുവിനെ കുളിപ്പിക്കുക, പറമ്പിൽ പുല്ലു വെട്ടാൻ പോകുക, അങ്ങനെ ആ കാലയളവിൽ ജീവിച്ചു. അച്ഛന്റെ പാരലൽ കോളേജിൽ നിന്ന് ടൂർ പോയപ്പോൾ യാത്ര വിവരണം എഴുതണം എന്ന് അച്ഛൻ നിർബന്ധിക്കുമായിരുന്നു. 84 ൽ അച്ഛന്റെ അനിയന്റെ വീട്ടിലാണ് ആദ്യമായി ടിവി മേടിച്ചത്. അന്നാണ് ആ നാട്ടുകാരും സന്തോഷും ടിവി കാണുന്നത്.
അങ്ങനെ ജീവിച്ചുവരവേ മരങ്ങാട്ടുപള്ളിയിലെ കുഗ്രാമത്തിൽ നിന്നും എങ്ങനെയെങ്കിലും ടിവി യിൽ വരണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ 1993 ൽ കേരളം മുഴുവൻ നടന്നു കേരള വിശേഷം എന്ന പ്രോഗ്രാം തുടങ്ങി. ആദ്യത്തെ അന്താരാഷ്ട്ര യാത്ര നേപ്പാളിലേക്കാണ്.
സഞ്ചാരം ആരംഭിക്കുമ്പോൾ ആർക്കും വേണ്ടാത്ത പരിപാടി. അന്ന് സീരിയലുകളുടെ കാലമാണ്. കോടീശ്വരന്മാർക്ക് പോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള കാലത്ത് സന്തോഷിന് പല രാജ്യങ്ങൾ സഞ്ചരിക്കാൻ കഴിയില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. ആദ്യ യാത്ര നേപ്പാളിൽ, 6500 രൂപയാണ് അന്ന് ചിലവായത്. ആദ്യത്തെ 5 വർഷം എല്ലാ ചാനലും അദ്ദേഹത്തെ തള്ളി. എങ്ങും എത്താത്ത ഒരു മനുഷ്യൻ, എങ്ങും എത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. സ്കൂളിൽ ഒരുമിച്ച് പഠിച്ച സോൻസിയെ ഇഷ്ടപ്പെട്ടു. ആ കാലത്തെ കോളേജിലെ പ്രശസ്തമായ പ്രണയം. 2 വർഷത്തെ പ്രണയത്തിനൊടുവിൽ സോൻസിയുടെ വിവാഹം നടത്താൻ വീട്ടുകാർ പ്രെഷർ കൂട്ടി. കയ്യിൽ 5 ന്റെ കാശ് ഇല്ല.
വിവാഹം കഴിഞ്ഞു. സോൻസി ചങ്കായി കൂടെ കട്ടക്ക് നിന്നു. ആദ്യത്തെ 4 വർഷം നരകയാതന. സോൻസിയുടെ ആഭരണങ്ങൾ വിറ്റാണ് യാത്ര ആ കാലഘട്ടത്തിൽ ചെയ്തത്. പിന്നെ അമ്മയുടെ സഹായവും.
ഡിഗ്രിക്ക് കാമരാജ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ 40000 രൂപക്ക് ഒരു ടെലിഫിലിം എടുത്തെങ്കിലും പരസ്യക്കാർ ചതിച്ചു, അതും നഷ്ടം. പക്ഷേ സന്തോഷിന്റെ ആത്മധൈര്യം ഭയങ്കരമായിരുന്നു. അതിന്റെ ഒരു ഉദാഹരണം, വിമാനത്തിൽ പോകുമ്പോൾ ക്യാമറ മടിയിലാണ് വെയ്ക്കുന്നത്. എങ്ങാനും യാത്രയിൽ ഈ വിമാനം താഴെ വീഴുകയാണെങ്കിൽ അതും എടുത്തു പ്രേക്ഷകരെ കാണിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ.
ഒരു യാത്രയ്ക്ക് പോകുന്നതിനു മുൻപ് ഈ യാത്ര കഴിഞ്ഞ് തിരിച്ചു വന്നില്ലെങ്കിൽ എന്തൊക്കെ ചെയ്യണം എന്ന് ഓഫീസിൽ എഴുതി വെച്ചിട്ട് പോകുന്ന സന്തോഷ്. ഇന്ന് നമ്മളെപ്പോലുള്ള സാധാരണക്കാരുടെ സ്വീകരണ മുറിയിൽ ഇറ്റലിയും, ഫ്രാൻസും, ഉക്രെയിനും ഒക്കെ കൊണ്ടുവന്നു. ഇന്നിതാ സ്പേസിൽ പോകുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ സ്വപ്നം ഉള്ളവരെ ആര്‍ക്കും തോൽപ്പിക്കാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് സന്തോഷ്. ലോകം ഒരു ചക്രം പോലെ കീഴ് മേൽ മറിഞ്ഞുകൊണ്ടിരിക്കുമ്പോഴും യാത്രകളെ മാത്രം കൂടെക്കൂട്ടിയ ഒരാൾ. ലോകസഞ്ചാരി, മാധ്യമപ്രവർത്തകൻ, ലേബർ ഇന്ത്യ പബ്ലിഷർ, സഫാരി ചാനലിന്റെ ഉടമ എന്നതിനപ്പുറം ഇന്ത്യയിലെ, കേരളത്തിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാര യാത്രികരിലൊരാൾ.
ലോകയാത്ര 27 വർഷം പിന്നിടുമ്പോൾ സന്തോഷ് നടത്തിയ യാത്രകളിൽ ഓരോ വർഷവും വിസ്മയം കൂടുകയാണ്. എനിക്ക് മനസ്സിലാകാത്തത് പരസ്യമില്ലാതെ എങ്ങനെ ഒരു സാറ്റലൈറ്റ് ചാനൽ ഓടിക്കുന്നു എന്നുള്ളതാണ്. അതിന്റെ മാജിക് എന്താണ്. (ഞാൻ ഒരു സാറ്റലൈറ്റ് ചാനലിൽ 6 കൊല്ലം ഉണ്ടായിരുന്നു. ഒരു മാസം 50 ലക്ഷം രൂപ കുറഞ്ഞത് വേണം ഒരു ചാനൽ ഓടിക്കുവാൻ, സാറ്റലൈറ്റിന് വാടക ഉണ്ട്, ഏ ഷ്യാനെറ്റ് പോലുള്ള കേബിൾ ഓപ്പറേറ്ററുമാർക്ക് വാടക ഉണ്ട്, dish കാർക്കു airtel, tata sky, sun പോലെയുള്ളവയ്ക്ക് വാടക ഉണ്ട്, ജോലിക്കാരുടെ ശമ്പളം… ഇതെല്ലാംകൂടി 30 മുതൽ 50 ലക്ഷം വരെ ഒരു സാധാരണ ചാനലിനാകും. ന്യൂസ് ചാനലുകൾക്ക് കോടികൾ ആകും)
—
നമ്മൾ യാത്ര ചെയ്ത് ഒരു സ്ഥലത്തെത്തി, അവിടെ ചെന്ന് ബസ്സ് ഇറങ്ങിയിട്ട് അവിടെ ബസ്റ്റോപ്പിൽ തന്നെ കിടന്നുറങ്ങി തിരിച്ചു പോകുന്നത് പോലെയാണ് ഭൂരിപക്ഷം പേരും. ആ ബസ്റ്റോപ്പിൽ തന്നെ കിടന്നുറങ്ങാതെ കുറച്ചു നടക്കണം, ചുറ്റി കാണണം, നമ്മൾ ടൂറിന് പോകേണ്ടത് ബസിൽ കിടന്ന് ലൈറ്റ് ഇട്ട് ചാടാനവരുത്. ഓരോ യാത്രകളും അറിവാണ്, ഗവേഷണമാണ്. നിങ്ങൾ എന്താണ് നിങ്ങളുടെ സ്വപ്നം എന്ന് കണ്ടെത്തണം. അതിനെ സ്നേഹിക്കണം. അതിനെ സ്വപ്നം കാണണം. അത് നിങ്ങളെ തേടി വരും. ദർശനത്തിന് ഒരു അവിധി വെച്ചിരിക്കുന്നു. അത് സമാപ്തിയിൽ എത്തുവാൻ ബദ്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വരും.(കടപ്പാട് : ജെറി പൂവക്കാല)