പാലക്കാട്: വിജിലന്‍സ് തന്നെ ബലമായി പിടിച്ചു കൊണ്ടുപോയതാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്ത്. ലൈഫ് മിഷന്‍ സംബന്ധിച്ച കേസാണ് തനിക്കെതിരെയുള്ളതെങ്കിലും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് മാത്രമാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സ് മൊഴിയെടുത്തു വിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് തന്നെ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ഒരു സംഘം ആളുകള്‍ വീട്ടിലെത്തി സരിത്താണോ എന്ന് ചോദിക്കുകയും അതെ എന്ന് പറഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് കൊണ്ട്പോവുകയുമായിരുന്നു. വണ്ടിയില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സ് ആണെന്ന് പറയുന്നത്. തനിക്ക് ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സ് സംഘം വീട്ടിലെത്തുമ്പോൾ വീട്ടുജോലിക്കാരിയും സ്വപ്നയുടെ മകനുമാണ് കൂടെയുണ്ടായിരുന്നത്. അവര്‍ വീടിനകത്തായിരുന്നു. താനാണ് വാതില്‍ തുറന്നത്. അവരോട് പേലും പറയാന്‍ പറ്റിയില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടില്ലെങ്കില്‍ സ്വമേധയാ പോയതാണോ എന്ന കാര്യം മനസിലാകുമെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു.
സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ചാണ് തന്നോട് ചോദിച്ചത്. ആരുടെ നിര്‍ബന്ധപ്രകാരമാണ് സ്വപ്ന വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ആരാഞ്ഞു. ലൈഫ് മിഷന്‍ സംബന്ധിച്ച് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല. വിജിലന്‍സ് ഓഫീസില്‍ 16 ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇന്ന് ഒരു നോട്ടീസ് ലഭിച്ചിരുന്നു. തന്റെ ഫോണ്‍ പിടിച്ചെടുത്തതിന്റെ നോട്ടീസ് വിജിലന്‍സ് ഓഫീസില്‍ നിന്നും തന്നു. അല്ലാതെ മറ്റ് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും സരിത്ത് വ്യക്തമാക്കി. നോട്ടീസ് നല്‍കാന്‍ വീട്ടില്‍ പോയപ്പോള്‍ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്നായിരുന്നു നേരത്തെ വിജിലന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്.