കൊച്ചി: തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ശക്തമായി തിരിച്ചടിച്ച് സോളാര്‍കേസിലെ വിവാദ നായിക സരിതാ എസ് നായര്‍. മുല്ലപ്പള്ളി ഉപയോഗിച്ച തരത്തിലുള്ള പദം സ്വന്തം പാര്‍ട്ടിയിലുള്ള ഉമ്മന്‍ ചാണ്ടിയേയോ കെ സി വേണുഗോപാലിനെയോ ഹൈബി ഈഡനേയോ അനില്‍കുമാറനേയോ കൊണ്ട് തന്നെ ഒരു പ്രാവശ്യം വിളിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു.
തനിക്കെതിരെ ഉപയോഗിച്ച പ്രയോഗത്തില്‍ പറഞ്ഞത് പോലെയുള്ള ഒരു സ്ത്രീയാണ് താനെന്ന് ആരോപിക്കാന്‍ തക്കവിധമുള്ള തെളിവ് മുല്ലപ്പള്ളിയുടെ കൈവശമുണ്ടോ എന്നും സരിത ചോദിച്ചു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹത്തിനെതിരേ വനിതാ കമ്മീഷനിലും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും സരിത പറയുന്നു.
ഒരു വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയിൽ വെച്ചായിരുന്നു സരിതയുടെ പ്രതികരണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നുമാണ് തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും പീഡനത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകുന്ന ഒരു സ്ത്രീ രണ്ടാമതൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറയേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരോടാണെന്നും സരിത പറഞ്ഞു. മുല്ലപ്പള്ളിക്ക് അപമാനം തോന്നേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരെ ഓര്‍ത്താണെന്നും പറഞ്ഞു.
അദ്ദേഹം തനിക്കെതിരെ ഉപയോഗിച്ച പദം താന്‍ ആവര്‍ത്തിക്കുന്നില്ലെന്നും താന്‍ അത്തരത്തിലുള്ള ഒരു സ്ത്രീയാണെന്ന് പറയാന്‍ തക്കവിധത്തിലുള്ള തെളിവ് അദ്ദേഹത്തിന്റെ കൈവശമുണ്ടോ എന്നും ചോദിച്ച സരിത തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി പറയണമെന്നും പറഞ്ഞു. രണ്ടാമത് സാഹചര്യമുണ്ടാകാതിരിക്കാന്‍ നോക്കേണ്ടത് പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണെന്നും പറഞ്ഞു.
വളരെ മോശമായ ഒരു വാക്ക് ഉപയോഗിച്ചാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹം നടത്തിയ വിവാദ പരാമര്‍ശം ആവര്‍ത്തിക്കുന്നില്ല. അത്തരം സ്ത്രീകള്‍ക്ക് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാന്‍ അദ്ദേഹത്തിന് എന്തെങ്കിലും മുന്‍ അനുഭവങ്ങളോ പരിചയങ്ങളോ അനുഭവസമ്പത്തോ കൈമുതലായുണ്ടോ? അങ്ങനെയുള്ള സ്ത്രീകളെ ഗ്രേഡ് ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി എന്താണെന്ന് പറഞ്ഞു മനസിലാക്കിയാല്‍ നന്നായിരുന്നു എന്നും സരിത പറഞ്ഞു.
ദുര്‍ബലയുടെ മേല്‍ ഒരു പുരുഷന്‍ ശാരീരികമായി നടത്തുന്ന ബലമായ കടന്നുകയറ്റത്തെയാണ് റേപ്പ് എന്ന് പറയുന്നത്. അത് ആ സ്ത്രീക്ക് തടുക്കാന്‍ സാധിച്ചില്ല എന്നതുകൊണ്ട് ഒരു കുറ്റകൃത്യമാകുകും ആ സ്ത്രീ അത് സമ്മതിക്കാത്തതുകൊണ്ട് അത് ഭീകരമായ ഒരു പ്രവൃത്തിയുമാകുന്നു. അങ്ങനെയുള്ള സ്ത്രീകളെല്ലാം മരിക്കണം എന്ന് പറയുന്ന പാര്‍ട്ടിയുടെ നേതാക്കന്‍മാരില്‍ നിന്നാണ് ഒരു പ്രോജ്ക്ടുമായി വന്നപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായത്.’
ഉന്നത സ്ഥാനത്തിരുന്നുകൊണ്ട് ഇരയാക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകളെ അപമാനിക്കുന്ന തലത്തിലേക്ക് മുല്ലപ്പള്ളി അധഃപതിച്ച് പോയോ എന്നും സ്ത്രീകളെ അവഹേളിച്ചിട്ടുള്ള സംഘടനയാണ് കോണ്‍ഗ്രസെന്നും സരിത ആരോപിച്ചു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് എന്ത് സ്ഥാനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറയാതെ പറഞ്ഞുവെന്നും സരിത എസ്. നായര്‍ പറഞ്ഞു. ഇനി ഒരു സ്ത്രീയെയും അപമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാവ് പൊങ്ങരുതെന്നും നാക്കുപിഴ എന്തെന്ന് അറിയാത്തയാളാണോ കോണ്‍ഗ്രസിന്റെ തലപ്പത്ത് ഉള്ളതെന്നും അത് കാണുമ്പോള്‍ ലജ്ജ തോന്നേണ്ടതില്ലേ എന്നും സരിത ചോദിച്ചു.