ശാസ്താംകോട്ട : തടാകത്തിലെ ജലനിരപ്പ് കുറഞ്ഞ് വിവിധ കുടിവെള്ള പദ്ധതികളിലേക്കുള്ള ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം എന്ന നിലയില്‍ ആരംഭിച്ച കനാലില്‍ നിന്നുള്ള കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു. ഇതോടെ ചെലവഴിച്ച മൂന്ന് കോടിയോളം രൂപ പാഴായി. കനാലില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിക്കാതെ തടാകത്തില്‍ നിന്ന് പമ്പ് ചെയ്യാന്‍ വെള്ളം ഉള്ളതിനാലാണ് പദ്ധതി പ്രയോജനപ്പെടുത്താത്തതെന്നാണ് അധികൃതരുടെ വിശദീകരണം. നാല് വര്‍ഷം മുമ്പാണ് കനാലില്‍ നിന്നുള്ള കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുന്നത്. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയും കൊല്ലം, ചവറ - പന്മന കുടിവെള്ള പദ്ധതികളിലേക്കും പ്രാദേശിക കുടിവെള്ള പദ്ധതികളിലേക്കും ഉള്ള ജലവിതരണം നിലക്കുമെന്ന സാഹചര്യത്തിലാണ് കനാലില്‍ നിന്നുള്ള കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്.
വേനല്‍ക്കാലത്ത് കെ.ഐ.പിയുടെ കനാലില്‍ കൂടി ജലം കടത്തിവിട്ട് ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫിസിന് സമീപം കനാലില്‍ തടയണ കെട്ടി ഇവിടെ മോട്ടോര്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ഫില്‍ട്ടര്‍ ഹൗസില്‍ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. എന്നാല്‍ കനാലില്‍ നിന്നുള്ള വെള്ളം കുടിവെള്ളമാക്കുന്നതിനെതിരെ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ കനാലില്‍ കൂടി കിലോമീറ്ററുകളോളം സഞ്ചരിച്ചെത്തുന്ന വെള്ളം മലിനമാണെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ പ്രതിഷേധങ്ങളെ വകവെക്കാതെ അധികൃതര്‍ പദ്ധതിയുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഒന്നുരണ്ട് വര്‍ഷം ഈ വിധത്തില്‍ കുടിവെള്ളം വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏതാനും ദിവസവും വെള്ളം വിതരണം ചെയ്തെങ്കിലും ഈ വര്‍ഷം പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുകയാണ്. മോട്ടോറുകള്‍ സ്ഥാപിക്കുന്നതിനും ഫില്‍ട്ടര്‍ ഹൗസിലേക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും ഉള്‍പ്പെടെ മൂന്ന് കോടിയോളം രൂപയാണ് ചെലവഴിച്ചത്.