തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ വന്ദനദാസ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശന്‍ പറഞ്ഞു. ഡോക്ടര്‍ക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. വന്ദനാ ദൗസ് ഒരു ഹൗസ് സര്‍ജനാണ്. അത്ര എക്സ്പീരിയന്‍സ്ഡ് അല്ല. അതുകൊണ്ട് തന്നെ ഒരു ആക്രമണം ഉണ്ടായപ്പോള്‍ വന്ദനാ ദാസ് ഭയന്നിട്ടുണ്ട് എന്നാണ് അവിടത്തെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം പുലര്‍ച്ചെ അഞ്ചുമണിക്ക് ശേഷമാണ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. പ്രതി അക്രമാസക്തനായിരുന്നു. പരിശീലനത്തിന് ഉണ്ടായിരുന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ഒരു പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ട്. അവിടത്തെ ഒരു പോലീസുകാരന് കുത്തേറ്റിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ക്കും കൂടെയുള്ള പോലീസുകാര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കിംസ് ആശുപത്രിയിലെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.