തിരുവനന്തപുരം : സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. ബക്രീദ് ഇളവുകള്‍ ഇന്നവസാനിക്കും. കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ സുപ്രീം കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുതെന്ന താക്കീതും കോടതി നല്‍കിയിരുന്നു. നേരത്ത ഹര്‍ജി നല്‍കിയിരുന്നെങ്കില്‍ ഇളവുകള്‍ റദ്ദാക്കുമായിരുന്നു. വൈകിയ വേളയില്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
പുതിയ തീരുമാനം വ്യാപാരികള്‍ക്ക് തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കടതുറക്കല്‍ സമരം മാറ്റിവെച്ചതാണ് വ്യാപാരി സംഘടനകള്‍. സുപ്രീംകോടതി ഉത്തരവുകൂടി വന്നതോടെ മുഖ്യമന്ത്രി മുഖം രക്ഷിച്ചു. അണികളോട് ഉത്തരം പറയുവാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീന്‍ ഇനി ഏറെ ബുദ്ധിമുട്ടും. മറ്റുള്ളവരോട് കൂടിയാലോചിക്കാതെയാണ് നസിറുദീന്‍ കട തുറക്കല്‍ സമരം പിന്‍വലിച്ചതെന്ന ആരോപണം നിലനില്‍ക്കുകയാണ്.
കടകള്‍ മാസങ്ങളായി അടച്ചിട്ട വ്യാപാരികള്‍ വന്‍ കടക്കെണിയിലാണ്. ചിലര്‍ ആത്മഹത്യ ചെയ്തു. ബഹുഭൂരിപക്ഷം വ്യാപാരികളും കടുത്ത രോഷത്തിലാണ്. ജീവിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്ന നിലപാടിലാണ് വ്യാപാരികള്‍. ഇനിയും തെല്ലും ക്ഷമിക്കാന്‍ പറ്റില്ലെന്നും കള്ളു ഷാപ്പും വിദേശ മദ്യക്കടക്കും തുറക്കാമെങ്കില്‍ എന്തുകൊണ്ട് തങ്ങളെ പൂട്ടിയിടുന്നു എന്നാണ് അവരുടെ ചോദ്യം.