റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. രാജ്യ തലസ്ഥാനമായ റിയാദിനടുത്ത് അല്‍റെയ്‌ന്‍ പ്രദേശത്താണ് അപകടം നടന്നത്. ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി.
കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു.