റിയാദ് : മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകള്‍ (നികാഹ്) നടത്താന്‍ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സൗകര്യാര്‍ത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളില്‍ വിവാഹ കരാറുകള്‍ നടത്താന്‍ സൗദി അധികൃതര്‍ അനുവാദം നല്‍കി. ഇത്തരത്തില്‍ നിക്കാഹ് നടത്തുന്നതിന് നിശ്ചിത നിബന്ധനകള്‍ ബാധകമാണ്. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കണം. ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി പള്ളികളില്‍ ആരാധനക്കെത്തുന്നവര്‍ക്ക് ശല്യമുണ്ടാക്കരുത്.
കാപ്പി, മധുരപലഹാരങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആവശ്യത്തിലധികം കൊണ്ടുവരുന്നത് ഒഴിവാക്കണം. പള്ളിയില്‍ വെച്ച് നികാഹ് കര്‍മം നടത്തുന്നത് പ്രവാചകന്റ കാലം മുതല്‍ തന്നെ പതിവുള്ളതാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുസായദ് അല്‍ ജബ്രി പറഞ്ഞു. പ്രവാചകന്റ പള്ളിയില്‍ വിവാഹ കരാര്‍ നടത്തുന്നത് മദീന നിവാസികള്‍ക്കിടയില്‍ ഇതിനകം സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹിതരാകുന്ന ദമ്പതികളുടെ മിക്ക ബന്ധുക്കളെയും ക്ഷണിക്കേണ്ടതുണ്ടാവും. പലപ്പോഴും വധുവിന്റെ വീട്ടില്‍ എല്ലാ ക്ഷണിതാക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ വിവാഹ കരാര്‍ നടക്കുന്നത് പ്രവാചകന്റ പള്ളിയിലോ മസ്ജിദു ഖുബായിലോ ഒക്കെ വെച്ചായിരുന്നുവെന്നും മുസായദ് അല്‍ ജബ്രി പറഞ്ഞു.