ജക്കാർത്ത: ബോംബ് ഭീഷണിയെ തുടർന്ന് ഹജ്ജ് തീർഥാടകരുമായി പോയ സൗദി അറേബ്യൻ എയർലൈൻസ് ആയ സൗദിയ വിമാനം ഇന്തോനേഷ്യയിൽ അടിയന്തിര ലാൻഡിങ് നടത്തി. സൗദി അറേബ്യയിൽ നിന്നും ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന SV 5276 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഇന്തോനേഷ്യയിലെ മേദാനിലുള്ള ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ നിന്നും ജക്കാർത്തയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു ഇത്.
പുലർച്ചെ 7.30ഓട് കൂടിയാണ് സൗദിയ വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണി ഉയർത്തിക്കൊണ്ടുള്ള ഇമെയിൽ സന്ദേശം ലഭിച്ചത്. സുരക്ഷ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിമാനം ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇന്തോനേഷ്യൻ സിവിൽ ഏവിയേഷൻ അറിയിച്ചു. പത്ത് മണിയോടെയാണ് വിമാനം ലാൻഡിങ് നടത്തിയത്. ലാൻഡിങ് നടത്തിയ ഉടൻ തന്നെ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോംബ് നിർമാർജന യൂണിറ്റ് എത്തി വിമാനം പരിശോധിച്ചതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. 207 പുരുഷന്മാരും 235 സ്ത്രീകളും ഉൾപ്പടെ 442 ഹജ്ജ് യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.