റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മക്കയിൽ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയിൽ 51 വയസുള്ള അഫ്ഗാൻ പൗരൻ മരിച്ചിരുന്നു. രാജ്യത്ത് പുതുതായി 133 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു.
ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി. ഇന്ന് ഒരാൾ കൂടി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 29 ആയി. റിയാദിലാണ് ഇന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 83. ദമ്മാമിൽ 13, ജിദ്ദയിൽ 10, മദീനയിൽ ആറ്, ഖത്വീഫിൽ ആറ്, അൽഖോബാറിൽ അഞ്ച്, നജ്റാനിൽ നാല്, അബഹയിൽ രണ്ട്, അറാറിൽ രണ്ട്, ദഹ്റാനിലും ജുബൈലിലും ഓരോന്ന് വീതവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.