ദമാം: കൊവിഡ് ബാധിച്ച് കോഴിക്കോട് ഫറോക് സ്വദേശി സൗദിയില്‍ മരണമടഞ്ഞു. ഫറോക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് പരേതനായ സീതിക്കോയയുടെ മകന്‍ അബ്ദുല്‍ അസീസ് (52) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലില്‍ മരിച്ചത്. കൊവിഡ് ബാധയേറ്റ് ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യ ഘട്ടത്തില്‍ പനിയും ചെറിയ ജലദോഷ പ്രശ്‌നങ്ങളും ഉണ്ടായിരുന്നെകിലും സാധാരണ രീതിയിലായിരുന്നു ചികിത്സ. തുടര്‍ന്ന് പതിനാലിന് വ്യാഴാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സ തുടരുന്നതിനിടെ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തി. ഇതിനിടെ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ പോസിറ്റിവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 20 വര്‍ഷമായി ജുബൈലുള്ള ഇദ്ദേഹം ഇസ്‌മായില്‍ അബൂദാവൂദ് എന്ന കമ്പിനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു.
ജുബൈലിലുള്ള ഇദേഹത്തിന്റെ കുടുംബത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള ഭാര്യ ജൂബി, മകള്‍ സന മറിയം എന്നിവര്‍ മുവാസാത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ ഇവര്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. മകന്‍ മുഹമ്മദ് റസിന്‍ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ചെന്നൈ) നാട്ടിലാണ്. ജുബൈല്‍ മുവാസാത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യത്തിന്റെ അനന്തര നടപടികള്‍ക്കായി സഹോദരന്‍ ശരീഫിനൊപ്പം സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.