റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വലിയ കുറവ്. 2023 അവസാനത്തോടെ പണമയയ്ക്കല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് രേഖപ്പെടുത്തിയത്. സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കി ഒകാസ്/സൗദി ഗസറ്റ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 2022നെ അപേക്ഷിച്ച് ശരാശരി പ്രതിദിന പണമയക്കലില്‍ 12.81 ശതമാനം ഇടിവ് കാണിക്കുന്നു. 2023ല്‍ അയച്ച പണത്തിന്റെ ആകെ മൂല്യം ഏകദേശം 124.9 ബില്യണ്‍ റിയാല്‍ ആയിരുന്നു. ശരാശരി പ്രതിദിന കൈമാറ്റം 342.18 മില്യണും. ഇതനുസരിച്ച് 12.81 ശതമാനം ഇടിവ് അഥവാ 18.34 ബില്യണ്‍ റിയാല്‍ ആണ്. 2022ലെ മൊത്തം റെമിറ്റന്‍സ് 143.24 ബില്യണ്‍ റിയാല്‍ ആയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, കൊറോണ വൈറസ് വ്യാപനം ശമിച്ചതിന് തൊട്ടുപിന്നാലെ 2021-ല്‍ വിദേശികളുടെ പണമയയ്ക്കല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ അയച്ച പണമാണ് കണക്കാക്കുന്നത്. ഏകദേശം 153.57 ബില്യണ്‍ റിയാലായിരുന്നു 2021ല്‍ ആകെ അയച്ച തുക. ശരാശരി പ്രതിദിന കൈമാറ്റ മൂല്യം 421.56 ദശലക്ഷം റിയാലും. ബിനാമി ബിസിനസ് തടയുന്നതിനായി നിരവധി നടപടികളാണ് സമീപകാലത്തായി സൗദി അധികൃതര്‍ സ്വീകരിച്ചുവരുന്നത്. പിഴകളില്‍ നിന്ന് ഒഴിവാക്കാനുള്ള ഏഴ് വ്യവസ്ഥകള്‍ നാഷണല്‍ ആന്റി-കൊമേഴ്‌സ്യല്‍ കണ്‍സീല്‍മെന്റ് പ്രോഗ്രാം വിശദീകരിച്ചിട്ടുണ്ട്. വാണിജ്യപരമായ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് ഇല്ലാതാക്കുന്നതിന് അനുവദിച്ച തിരുത്തല്‍ കാലയളവ് 2022 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. ബിനാമി വ്യാപാരം ഉന്മൂലനം ചെയ്യുന്നതിന് നാഷണല്‍ ആന്റി കൊമേഴ്‌സ്യല്‍ കണ്‍സീല്‍മെന്റ് പ്രോഗ്രാം ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ വിശകലനം, മറ്റു വിവരങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി 20ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത് നിരീക്ഷിച്ചുവരുന്നു.