റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 73 പേർക്ക് പരുക്ക്. ജനവാസ മേഖലകളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ചില എണ്ണ നിലയങ്ങളിൽ തീപിടിത്തമുണ്ടാകുകയും പ്രവർത്തനം താൽക്കാലികമായി നിർത്തുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയവും സഖ്യസേനയും വ്യക്തമാക്കിയപ്പോൾ ആക്രമണത്തെ അപലപിച്ച് വിവിധ ഗൾഫ് -അറബ് രാജ്യങ്ങൾ രംഗത്തെത്തി. സൗദിയിലെ തെക്കൻ നഗരങ്ങളായ അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് ഹൂതികൾ ശക്തമായ ആക്രമണം നടത്തിയത്.
പരുക്കേറ്റവരിൽ സ്വദേശികളും പ്രവാസികളുമുണ്ട്. മേഖലയിലെ ചില ഊർജ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്ന് ഓയിൽ പ്ലാന്റുകളിൽ തീപിടിത്തമുണ്ടാകുകയും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഫീൽഡ് ടീമുകൾ ഉടനടി സ്ഥലത്തെത്തി തീയണയ്ക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കി പ്രവർത്തനം സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണെന്ന് ഊർജ മന്ത്രാലയം അറിയിച്ചു. ഹൂത്തികളുടെ ഈ നീക്കം സഹിക്കാനാവാത്ത പ്രകോപനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയവും സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കിയും പ്രതികരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും മുൻനിർത്തി ശക്തമായ തിരിച്ചടി നൽകാൻ സൗദിക്ക് പൂർണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഗൾഫ്-അറബ് രാജ്യങ്ങൾ ഒന്നടങ്കം രംഗത്തെത്തി. ജി.സി.സി കൗൺസിലിന് പുറമേ ഖത്തർ, ബഹ്റൈൻ, കുവൈത്ത്, യുഎഇ. ഈജിപ്ത്, ജോർദാൻ, ലബനൻ എന്നീ രാജ്യങ്ങൾ സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സൗദിയുടെ സുരക്ഷയും മേഖലയുടെ സമാധാനവും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കി. ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ഹൂതികൾ നടത്തുന്ന ഭീഷണി ഉടൻ അവസാനിപ്പിക്കണമെന്നും ഹൂതികൾക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
































