റിയാദ്: സൗദി അറേബ്യയുടെ ആഡംബര നൗകയായ ‘അരോയ ക്രൂയിസി’ന്റെ മെഡിറ്ററേനിയൻ യാത്രകൾ ജൂൺ മുതൽ ആരംഭിക്കും. സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ‘ക്രൂയിസ് സൗദി’യുടെ ഉപസ്ഥാപനവും സൗദിയിലെ ആദ്യത്തെ അറബ് ക്രൂയിസ് ലൈനുമായ അറൂവ ക്രൂയിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രാദേശിക വിപണികളിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ വിപുലീകരണത്തെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്രമായ അറബ് മറൈൻ ടൂറിസത്തിന്റെ അനുഭവം പ്രദാനം ചെയ്യാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇസ്താംബൂളിലെ ഗലാറ്റപോർട്ടിൽ നിന്നാണ് യാത്ര പുറപ്പെടുക. ക്രൂയിസ് റൂട്ടിന്റെ പ്രധാന തുറമുഖം ഇതാണ്.
ബോഡ്രം, മർമാരിസ്, കാസ്, കുസാദാസി, ആതൻസ്, മൈക്കോനോസ്, ക്രീറ്റ്, റോഡ്സ്, ഇസ്മിർ, ഫെത്തിയേ തുടങ്ങിയ തുർക്കിയയിലെയും ഗ്രീസിലെയും പ്രമുഖ തീരദേശ സ്ഥലങ്ങൾ യാത്രയിൽ ഉൾപ്പെടും. ഏഴു രാത്രികളോളം കടൽവഴി യാത്രകൾ നീളും. ആധികാരിക അറേബ്യൻ ആതിഥേയത്വത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു അനുഭവത്തിനുള്ളിൽ വ്യതിരിക്തമായ പ്രകൃതിദത്തവും സാംസ്കാരികവുമായ ലാൻഡ്മാർക്കുകൾ പര്യവേക്ഷണം ചെയ്യാൻ അതിഥികൾക്ക് സൗകര്യമൊരുക്കും. ചെങ്കടലിലെ ‘അരോയ ക്രൂയിസി’ ന്റെ ഉദ്ഘാടന സീസണിന്റെ വിജയത്തിന് ശേഷമാണ് അടുത്ത യാത്ര മെഡിറ്ററേനിയൻ സമുദ്രത്തിൽ ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ചെങ്കടലിലെ സീസൺ.
സൗദിയുടെ സാംസ്കാരിക തനിമയും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന യാത്രകളാണ് ചെങ്കടലിൽ അവതരിപ്പിച്ചത്. ഇത് മേഖലയിലെ ക്രൂയിസ് യാത്രാരംഗത്ത് കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തി.മെഡിറ്ററേനിയനിൽ യാത്ര ക്രൂയിസ് ആരംഭിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ‘അരോയ ക്രൂയിസ്’ പ്രസിഡന്റ് ഡോ. ജോർഗ് റുഡോൾഫ് പറഞ്ഞു. ആഗോള വിനോദസഞ്ചാരത്തെ സൗദി സംസ്കാരവുമായി സമന്വയിപ്പിക്കുന്നതിനും സൗദിയുടെ വളർന്നുവരുന്ന ടൂറിസം പദവിക്ക് അനുയോജ്യമായ ഒരു മാരിടൈം ഹോസ്പിറ്റാലിറ്റി മാതൃക രൂപപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ കാഴ്ചപ്പാടിന്റെ വിപുലീകരണമാണിതെന്ന് ജോർജ് റുഡോൾഫ് പറഞ്ഞു.