മുംബൈ : സൗദി അറേബ്യൻ സംസ്കൃതിയെയും ഇസ്ലാമിക പാരമ്പര്യത്തെയും അടുത്തറിയാൻ വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതി പരിചയപ്പെടുത്തി സൗദി സർക്കാറിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ‘നുസുക്’ റോഡ്ഷോ നടത്തി. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ, ‘നുസുക്’ പ്രസിഡന്റ് (ഏഷ്യ-പസഫിക്) അൽഹസൻ അൽദബ്ബാഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച റോഡ്ഷോ. 2030 ഓടെ ഇന്ത്യ പ്രധാന സന്ദർശക വിപണിയായി മാറുമെന്ന പ്രതീക്ഷയിലാണ് സൗദി സർക്കാർ.കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി 1400 ഓളം സ്വകാര്യ ഹജ്ജ്, ഉംറ ട്രാവൽസ് പ്രതിനിധികൾ പങ്കെടുത്തു.
സൗദിയുടെ ‘വിഷൻ 2030’ നയമനുസരിച്ച് ഇവർക്ക് സാധ്യതകളും പാക്കേജുകളും വിശദീകരിച്ച് സൗദിയിലെ ഹോട്ടൽ, ഗതാഗത കമ്പനികളുടെയും ടൂർ ഓപറേറ്റർമാരുടെയും മറ്റ് സേവന ദാതാക്കളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉംറ തീർഥാടകരുടെ എണ്ണം ഉയർത്താൻ സ്വകാര്യ മേഖലയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഇന്ത്യ സൗദിയുടെ മുഖ്യ ടൂറിസം ഉറവിട വിപണിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും 2030ഓടെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 75 ലക്ഷമായി ഉയർത്താനാകും വിധം പ്രധാന ഇന്ത്യൻ വ്യാപാരികളുമായി ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അൽ ഹസൻ അൽ ദബ്ബാഗ് പറഞ്ഞു.