തിരുവനന്തപുരം :ചട്ടവിരുദ്ധമായി നടത്തിയ അഞ്ച് വി.സി നിയമനങ്ങൾ പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി സമിതി ഗവർണരോട് ആവശ്യപ്പെട്ടു. കണ്ണൂർ,സംസ്കൃതം,ഫിഷറീസ്,എം.ജി, കേരള സർവകലാശാലകളിൽ ചട്ടവിരുദ്ധമായാണ് വി.സി നിയമനമെന്നാണ് ആരോപണമുയരുന്നത്. സാങ്കേതിക സർവകശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പരാതികൾ ഉയരുന്നത്.
യുജിസി ചട്ടം അനുസരിച്ച് സേർച്ച് കമ്മറ്റി നൽകുന്ന മൂന്ന് മുതൽ അഞ്ചു വരെ പേരുകളിൽ നിന്നാണ് ഗവർണർ വൈസ് ചാൻസലർ നിയമനം നടത്തേണ്ടത്. അഞ്ച് സർവകലാശാലകളിൽ ഇത് ലംഘിക്കപ്പട്ടു എന്നാണ് സേവ് യൂണിവേഴ്സിറ്റി സമിതി ആരോപിക്കുന്നത്. കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ ടേമിലെ നിയമനം യുജിസി ചട്ടം ലംഘിച്ചാണെന്ന് സമിതി ഗവർണർക്ക് നൽകിയ പരാതി പറയുന്നു. കണ്ണൂർ വി.സിയുടെ പുനർനിയമനം ക്രമവിരുദ്ധമാണെന്ന് ഗവർണർ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
കേരള എം.ജി സംസ്കൃതം സർവകലാശാലകളുടെ വിസിമാരെ നിയമിക്കുമ്പോഴുo ഒന്നിലധികം പേരുകൾ ഗവർണർക്ക് നൽകിയില്ല. ഒറ്റ പേരിൽ നിന്ന് വിസി നിയമനം നടത്താൻ മുൻ ഗവർണരും ഇപ്പോഴത്തെ ഗവർണരും നിർബന്ധിതരായി. സംസ്കൃത വാഴ്സിറ്റി വി.സി നിയമനം രണ്ടു മാസം തടഞ്ഞുവെച്ച ശേഷമാണ് ഗവർണർ അനുവദിച്ചത്. സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ ഇനി എത്ര വിസി നിയമനങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടും എന്നാണ് ഇനി കാണേണ്ടത്.