കൊച്ചി: തികച്ചും ആകസ്മികമായി ഫാസിലിന്റെ അനിയത്തിപ്രാവിലേക്ക് ബാലതാരമായി എത്തിയ പെണ്‍കുട്ടി. നൃത്തവേദികള്‍ പരിചിതമായിരുന്ന അവളെ സിനിമയുടെ വെള്ളിവെളിച്ചമോ ബഹളമോ ഒന്നും പരിഭ്രമിപ്പിച്ചില്ല. പിന്നീടങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ ആ പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗ്യതാരമായി മാറി. ആലപ്പുഴക്കാരി ശരണ്യ മോഹന്‍ സ്വന്തം നിലപാടുകളില്‍ അടിയുറച്ച് നിന്നാണ് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യം തന്നത് അച്ഛനാണ്. നിനക്ക് കഴിയുന്ന റോളുകള്‍ ചെയ്താല്‍ മതി, കയ്യും കാലും കെട്ടിയിട്ട് ആരും അഭിനയിപ്പിക്കില്ല എന്ന് അച്ഛന്‍ പറഞ്ഞു. അതുകൊണ്ട് എന്റെ കംഫര്‍ട്ടിനനുസരിച്ച് മാത്രമേ ഞാന്‍ സിനിമ തിരഞ്ഞെടുത്തിട്ടുള്ളൂ. സിനിമയാണ് ജീവിതം എന്ന തോന്നലും ഇല്ലായിരുന്നു.
അയ്യോ ഇപ്പോള്‍ സിനിമ ഇല്ലല്ലോ അല്ലെങ്കില്‍ ആ സിനിമയില്‍ ഞാന്‍ ഇല്ലല്ലോ എന്ന് തോന്നിയിട്ടില്ല പകരം, ഞാന്‍ ഞാനായിട്ട് ഇരിക്കുന്നതില്‍ സന്തോഷമാണ്. ഇന്നും ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ആ തീരുമാനവും ഒരു കാരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മ്മള്‍ കാണുന്ന നിറങ്ങള്‍ക്ക് ഒരു ഇരുണ്ട വശവുമുണ്ട്. അത് മുന്നില്‍ കണ്ടുവേണം സിനിമയിലേക്ക് കാലെടുത്തുവെയ്ക്കാന്‍. അവസരമുണ്ടെന്ന് അറിഞ്ഞാല്‍ നന്നായി ചിന്തിക്കണം. കഴിയുന്നത്ര അന്വേഷിക്കണം. നമുക്ക് താല്പര്യമില്ലാത്ത ഒന്നും ആർക്കും നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ സാധിക്കില്ല. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. അതിമോഹവും ഭയവും ആണ് പലരെയും പ്രശ്നത്തിലാക്കുന്നതെന്നും അവർ പറയുന്നു.