മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിലൊരാളായ സയനോര ഫിലിപ്പിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തലമുടി കളർ ചെയ്ത് വേറിട്ട ലുക്കിലാണ് ഗായിക പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾക്കു വലിയ സ്വീകാര്യതയാണിപ്പോൾ ലഭിക്കുന്നത്. സയനോരയുടെ മേക്കോവർ ചിത്രങ്ങൾക്കു പ്രതികരണങ്ങളുമായ് നിരവധി പേരാണു രംഗത്തെത്തിയത്. തനിക്ക് ഈ ലുക്ക് ഏറെ ഇഷ്ടമായി എന്ന് ചിത്രങ്ങൾക്കു താഴെ നടി മന്യ കുറിച്ചു. സയനോരയ്ക്ക് എല്ലാ ലുക്കും ഇണങ്ങും എന്നാണ് ആരാധകരുടെ കമന്റുകൾ.
അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നയാളാണ് സയനോര ഫിലിപ്. കൂട്ടുകാരികളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പമുള്ള നൃത്ത വിഡിയോയിലെ സയനോരയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു ചിലരുടെ പരിഹാസം. തുടർന്ന് അതേ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിമർശനങ്ങൾക്കുള്ള സയനോരയുടെ ശക്തമായ മറുപടി.