വെല്ലൂര്‍: ഓണ്‍ലൈന്‍ റമ്മി കളിക്കാനായി ലക്ഷങ്ങള്‍ തട്ടിയ എസ്ബിഐ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ വെല്ലൂരിലെ ഗാന്ധിനഗര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ യോഗേശ്വര പാണ്ഡ്യനാണ് പിടിയിലായത്. വിദ്യാഭ്യാസ ലോണുകളുടെ തിരിച്ചടവാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത്തരത്തില്‍ 137 അക്കൗണ്ടുകളില്‍ നിന്നായി 37 ലക്ഷം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ ലോണ്‍ തിരിച്ചടച്ചിട്ട് അക്കൗണ്ടില്‍ പ്രതിഫലിക്കാതെ വന്നതോടെ ഒരു യുവാവ് ബാങ്കിലെത്തി അന്വേഷിച്ചതോടെയാണ് അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. യുവാവിന്റെ പരാതിയില്‍ പരിശോധന നടത്തിയ ബാങ്ക് മാനേജര്‍ കണ്ടെത്തിയത് സമാനമായ 137 ക്രമക്കേടുകളാണ്. മാനേജറുടെ പരാതിയില്‍ പാണ്ഡ്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 14 ന് ജില്ലാ ക്രൈംബ്രാഞ്ച് പാണ്ഡ്യനെതിരെ സെക്ഷന്‍ 465 (വ്യാജരേഖ), 467 (വിലയേറിയ സെക്യൂരിറ്റിയുടെ വ്യാജരേഖ ചമയ്ക്കല്‍) പ്രകാരം കേസെടുത്തു.