കൊച്ചി: കോവിഡ് വ്യാപന കാലത്ത് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സേവനവുമായി പ്രമുഖ ബാങ്കായ എസ്ബിഐ. ‘ഒറ്റ വാട്‌സ്‌ആപ്പ് മെസേജ് അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍’ കിട്ടുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ വീട്ടില്‍ എത്തി മൊബൈല്‍ എടിഎം സേവനം നല്‍കുന്ന പദ്ധതിയാണ് എസ്ബിഐ ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍ക്കിളിലാണ് സേവനം ആരംഭിച്ചത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് എസ്ബിഐ പുതിയ സേവനം തുടങ്ങിയത്. വീട്ടുപടിക്കല്‍ എടിഎം സേവനം ലഭ്യമാക്കുന്ന മൊബൈല്‍ എടിഎം സംവിധാനമാണ് ഒരുക്കിയത്. ലക്‌നൗവില്‍ സേവനത്തിന് തുടക്കം കുറിച്ചതായി ചീഫ് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ ഖന്ന ട്വിറ്ററിലൂടെ അറിയിച്ചു. ഫോണില്‍ ഡയല്‍ ചെയ്യുകയോ വാട്‌സ്‌ആപ്പിലൂടെ സന്ദേശം കൈമാറുകയോ ചെയ്യുന്ന മാത്രയില്‍ തന്നെ സേവനം ലഭ്യമാക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചതെന്ന് അജയ് കുമാര്‍ ഖന്ന അറിയിച്ചു.
നിലവില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമാണ് സേവനം ലഭിക്കുക. തെരഞ്ഞെടുക്കുന്ന ശാഖകളിലെ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്യാഷ് ഡെലിവറി, ചെക്ക് സേവനം തുടങ്ങി നിരവധി സര്‍വീസുകളാണ് ഇതിന്റെ കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഏറെ പ്രധാനമാണ്. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ അപകട സാധ്യതയുളളവര്‍ വീട്ടില്‍ നിന്ന് ഇറങ്ങരുതെന്നാണ് കോവിഡ് പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് സേവനം നല്‍കുകയാണ് തുടക്കത്തില്‍ ബാങ്ക് ലക്ഷ്യമിടുന്നത്.