പൂനെ: സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിസിഐ) മുന്‍ ചെയര്‍മാനുമായിരുന്ന പി ബി സാവന്ത് പൂനെയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. 2017ല്‍ നടത്തിയ എല്‍ഗാര്‍ പരിഷത്ത് പരിപാടിയുടെ കോ-കണ്‍വീനറായി ജസ്റ്റിസ് കൊല്‍സേ പാട്ടീലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1973ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹമാണ് 1982 ജൂണില്‍ നടന്ന എയര്‍ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. 1989 ല്‍ സുപ്രിം കോടതി ജസ്റ്റിസായി നിയമിതനായി.
2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പീപ്പിള്‍സ് ട്രൈബ്യൂണലില്‍ വിരമിച്ച ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിനൊപ്പം സേവനമനുഷ്ഠിച്ചിരുന്നു. ന്യായാധിപന്‍, ആക്ടിവിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തി.