ന്യൂഡല്‍ഹി : വാദങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറുന്ന പ്രവണതക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പട്‌ന ഹൈകോടതി വിധിക്കെതിരെ ദിനേഷ് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം. ‘ഈ കോടതിയില്‍ മുദ്ര വച്ച കവറുകള്‍ ദയവായി നല്‍കരുത്. ഒരു തരത്തിലുള്ള സീല്‍ഡ് കവറുകളും ഇവിടെ വേണ്ട’ – എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. ജഡ്ജിമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഹര്‍ജിക്കാരന്‍ പോസ്റ്റിട്ടിട്ടുണ്ട് എന്നും ഇവ മുദ്ര വച്ച കവറില്‍ നല്‍കാമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞ വേളയിലാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.
മുന്‍ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തില്‍, പ്രത്യേകിച്ചും സര്‍ക്കാറില്‍ നിന്ന് മുദ്രവച്ച കവറുകള്‍ വാങ്ങുന്ന രീതി വിമര്‍ശിക്കപ്പെട്ടിരുന്നു. ഈയിടെ മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാര്‍ മുദ്ര വച്ച കവര്‍ ഹാജരാക്കിയിരുന്നു. കേരള ഹൈകോടതിയിലാണ് സര്‍ക്കാര്‍ സീല്‍ഡ് കവര്‍ നല്‍കിയിരുന്നത്. എന്നാല്‍ കേസ് പരിഗണിച്ച സുപ്രിംകോടതി ഹൈകോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.