ന്യൂഡല്‍ഹി: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. കസ്റ്റഡിയിലുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.
എന്‍ഫോഴ്സ്മെന്റ്, എന്‍.ഐ.എ, സിബിഐ മുതലായ എല്ലാ വിഭാഗത്തിലും ഇത് ബാധകമായിരിക്കും. എല്ലാ ഇന്ററോഗേഷന്‍ റൂമുകളിലും സിസിടിവിയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിക്കണം. ചോദ്യം ചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ എല്ലായിടത്തും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കോടതി വിശദമാക്കി.
ഓഡിയോ റെക്കോര്‍ഡുകള്‍ 18 മാസം വരെ സൂക്ഷിക്കണമെന്നും ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മ്മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദനം സംബന്ധിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.