ന്യുഡല്‍ഹി: മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി ആറ് ആഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ജെയിന്‍, കായലോരം ഗ്രൂപ്പുകള്‍ ആറ് ആഴ്ചയ്ക്കകം തുക കെട്ടിയ്ക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ജെയിന്‍ ഫ്ലാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയുമാണ് കെട്ടിവെയ്ക്കേണ്ടത്.
പണം കെട്ടിവെച്ചാലുടന്‍ ബാക്കി നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുമെന്നും കോടതി അറിയിച്ചു. ഹോളിഫെയ്ത്ത് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും. സംവിധായകന്‍ മേജര്‍ രവി ചീഫ് സെക്രട്ടറിക്ക് എതിരെ നല്‍കിയ കോടതിയലക്ഷ്യക്കേസിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അമിക്കസ്ക്യൂറി ഗൗരവ് അഗര്‍വാളിനോട് കോടതി നിര്‍ദേശിച്ചു