കൊച്ചി : സംവിധായകന്‍ വിനയന്‍റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്‍ക സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ വിനയനെ വിലക്കിയതില്‍ പിഴ ചുമത്തിയതിന് എതിരായ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കോമ്പറ്റീഷന്‍ കമ്മീഷന് വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന ഫെഫ്‍കയുടെ വാദം കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. വിനയനെ വിലക്കിയ നടപടിയില്‍ മലയാള സിനിമ സംഘടനകള്‍ക്ക് മേല്‍ പിഴ ചുമത്തിയ കോമ്പറ്റീഷന്‍ കമ്മീഷന്റെയും നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും വിധി ചോദ്യം ചെയ്തായിരുന്നു ഫെഫ്‍കയുടെ ഹര്‍ജി. ട്രെഡ് യൂണിയന്റെ അധികാരത്തില്‍ ഇടപെടാന്‍ കോമ്പറ്റീഷന്‍ കമ്മീഷനോ കമ്പനിയ്‌ക്കോ ട്രൈബ്യൂണലിനോ അധികാരമില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിനയന്‍ നല്‍കിയ ഹരജിയില്‍ 2017 മാര്‍ച്ചില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ താരസംഘടനയായ അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81, 000 രൂപയും പിഴ ചുമത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹര്‍ജി തള്ളിയായിരുന്നു വിധി.