തിരുവനന്തപുരം: നേമത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ എസ്.സി എസ്.ടി കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പ1ലീസ് മേധാവി എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് എസ്.സി എസ്.റ്റി കമ്മീഷന്റെ നിര്‍ദ്ദേശം. കുട്ടിയുടെ ബന്ധുക്കളുടേത് ഗൗരവമുള്ള പരാതിയാണെന്നും കമ്മീഷന്‍ വിലയിരുത്തി. നേമത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അധ്യാപികക്കെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും പരാതിയുണ്ട്.
അയണിമൂട് സ്വദേശിയായ സന്ധ്യയുടെ രണ്ടു പെണ്‍മക്കളില്‍ ഇളയ കുട്ടിയാണ് മരിച്ചത്. നേമം വിക്ടറി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ജീവനൊടുക്കിയത്. മകളുടെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്. എന്നാല്‍ ഉപദ്രവിച്ചിട്ടില്ലെന്നാണ് അധ്യാപിക പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരതി അവസാനമായി സ്‌കൂളില്‍ എത്തുന്നത്. പ്രധാന അധ്യാപിക വിദ്യാര്‍ത്ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന കാര്യം ആരോപിച്ചുകൊണ്ട് പരസ്യമായി ആരതിയുടെ ബാഗ് തുറന്ന് പരിശോധിച്ചു, എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് അധ്യാപിക സമ്മതിച്ചിരുന്നു. പിന്നാലെ വീട്ടിലെത്തിയ ശേഷം അധ്യാപികയുടെ ഭാഗത്ത് നിന്നും അധിക്ഷേപമുണ്ടായതായി കുട്ടി അമ്മയോടും ചേച്ചിയോടും പറഞ്ഞതായും കുടുംബം പറഞ്ഞു.