പനാജി : ഹരിയാനയിലെ ബി.ജെ.പി നേതാവ് സൊണാലി ഫൊഗട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഗോവയിലെ റെസ്‌റ്റോറന്റ് ഗോവ സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതി നിര്‍ത്തിവയ്പ്പിച്ചു. ഉത്തര ഗോവയിലെ അന്‍ജുനയില്‍ പ്രവര്‍ത്തിക്കുന്ന ‘കര്‍ലീസ്’ റെസ്‌റ്റോറന്റാണ് പൊളിച്ചുനീക്കുന്നത്. തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് നിര്‍മ്മിച്ചുവെന്ന് കാണിച്ചാണ് വെള്ളിയാഴ്ച പൊളിക്കല്‍ തുടങ്ങിയത്. റെസ്‌റ്റോറന്റിന് നേരെ ഹരിത ട്രൈബ്യൂണലും നോട്ടീസ് നല്‍കിയിരുന്നു.
സൊണാലി ഫൊഗട്ട് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഈ റെസ്‌റ്റോറന്റില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സൊണാലിയുടെ മരണത്തില്‍ റെസ്‌റ്റോറന്റ് ഉടമ എഡ്‌വിന്‍ ന്യൂനെസ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്‍ജുന ബീച്ചിലാണ് റെസ്‌റ്റോറന്റ് സ്ഥിതിചെയ്യുന്നത്. അതിനിടെ റെസ്‌റ്റോറന്റ് പൊളിക്കുന്നത് സുപ്രീം കോടതി അടിയന്തരമായി നിര്‍ത്തിവയ്പ്പിച്ചു.