ന്യൂഡല്‍ഹി : സെലിബ്രിറ്റികള്‍ക്കും രാജ്യത്ത മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ടെന്ന് സുപ്രീം കോടതി. അനാവശ്യമായി അവരെ കുറ്റവാളികളാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ ഉണ്ടായ ഒരു സംഭവത്തില്‍ ഷാരൂഖിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറയുകയായിരുന്നു കോടതി. 2017ല്‍ വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ തന്‍റെ സിനിമയുടെ പ്രമോഷനിടെ സംഘട്ടന മുണ്ടാക്കി യെന്നാരോപി ച്ചാണ് നടനെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. അന്ന് തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ ഹൃദയാഘാതം കാരണം മരിച്ചിരുന്നു.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തിഗത ഗ്യാരന്‍റി നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.’ ഈ മനുഷ്യന്റെ (ഖാന്‍) തെറ്റ് എന്താണ്? അദ്ദേഹം ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അയാള്‍ക്ക് അവകാശങ്ങളില്ലെന്ന് അര്‍ഥമാക്കുന്നില്ല’-ഏപ്രിലില്‍ നടനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
‘രാജ്യത്തെ മറ്റെല്ലാ പൗരന്മാരെയും പോലെ ഒരു സെലിബ്രിറ്റിക്കും തുല്യ അവകാശങ്ങളുണ്ട്’ എന്നും കോടതി പറഞ്ഞു. ‘അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് മറ്റുള്ളവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നല്ല. ഈ കോടതിയുടെ ശ്രദ്ധയും സമയവും അര്‍ഹിക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം’എന്നും കോടതി പറഞ്ഞു.