ഡല്‍ഹി : അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും ഗ്രാറ്റ്വിറ്റി അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത ജോലികള്‍ ചെയ്യുന്ന അംഗന്‍വാടികള്‍ സര്‍ക്കാറിന്റെ ഭാഗമായിതന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്.ഓക എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഗ്രാറ്റ്വിറ്റി നിയമ പരിധിയില്‍ അംഗന്‍വാടി കേന്ദ്രങ്ങള്‍ വരുമെന്നും അതുവഴി ഈ നിയമം അവിടെ തൊഴിലെടുക്കുന്ന വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും ബാധകമാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ഇതൊരു പാര്‍ട് ടൈം ജോലിയാണെന്ന വാദം അംഗീകരിക്കാനാകില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തല്‍, പോഷകാഹാരം പാചകം ചെയ്യലും വിതരണവും, പ്രീ-സ്കൂള്‍ നടത്തിപ്പ്, ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ക്ഷേമ കാര്യങ്ങള്‍ തുടങ്ങിയവയിലെല്ലാം അംഗന്‍വാടി ജീവനക്കാര്‍ സജീവമാണ്. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും പ്രശ്നം സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ അടിയന്തരമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.