ഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവതിക്ക് മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. സുപ്രിംകോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ വിധി അസ്വസ്ഥപ്പെടുത്തുന്നതും റദ്ദാക്കപ്പെടേണ്ടതുമാണ് എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ നിലപാട്. ഇരുപക്ഷത്തിന്റെ സമ്മതത്തോടെയാണ് ഉത്തരവെന്നും ജ്യോതിഷം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് പൂര്‍ണമായും സന്ദര്‍ഭത്തിന് പുറത്താണ് എന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്.
സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെടുന്നു. ജ്യോതിഷവുമായി ഇതിനെന്താണ് ബന്ധമെന്നതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ധുലിയ പറഞ്ഞു. വിവാവവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ മംഗല്യദോഷമുള്ളതുകൊണ്ടാണ് വിവാഹത്തില്‍നിന്ന് പിന്‍മാറിയത് എന്നായിരുന്നു പ്രതിയായ ഗോബിന്ദ് റായിയുടെ വാദം. ഇത് ശരിയാണോ എന്നറിയാന്‍ യുവതിയുടെ ജാതകം പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലഖ്നോ യൂണിവേഴ്സിറ്റിയിലെ ആസ്ട്രോളജി ഡിപ്പാര്‍ട്ട്മെന്റ് തലവനോട് നിര്‍ദേശിക്കുകയായിരുന്നു.ഉത്തരവ് വിവാദമായതോടെയാണ് സുപ്രിംകോടതി സ്വമേധയാ കേസില്‍ ഇടപെട്ടത്.