പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത് 3.4 കോടി രൂപയുടെ വികസന പദ്ധതി. ലൈഫ് മിഷനിലൂടെ 22 പേര്‍ക്ക് ഭൂമി നല്‍കി. ഗ്രാമപഞ്ചായത്തുകളില്‍ 3.75 ലക്ഷം രൂപ നിരക്കില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചു. 45 വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി അനുവദിച്ചു. സേഫ് പദ്ധതി പട്ടികയിലുള്ള 33 പേര്‍ക്ക് ധനസഹായം നല്‍കി. രണ്ട് പേര്‍ക്ക് 100 ശതമാനം സബ്‌സിഡിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഓട്ടോറിക്ഷ അനുവദിച്ചു. അയ്യങ്കാളി ടാലന്റ് സ്‌കോളര്‍ഷിപ് ഉള്‍പ്പെടെ വിവിധ ഗ്രാന്റുകള്‍ വിതരണം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക്, പത്തനംതിട്ട നഗരസഭാ പരിധിയിലുള്ള പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര ഹോം സര്‍വേ പൂര്‍ത്തിയാക്കി. വിദേശ തൊഴില്‍ നേടുന്നതിന് 14 പേര്‍ക്ക് 12.6 ലക്ഷം രൂപ നല്‍കി.
ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസിന് ജില്ലയില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാരം ലഭിച്ചു. മികവാര്‍ന്ന ഫ്രണ്ട് ഓഫീസ്, ദിനപത്രം, ടെലിവിഷന്‍, മാഗസീന്‍, അതിഥികള്‍ക്ക് ശീതളപാനീയങ്ങള്‍ എന്നിവ ലഭ്യമാണ്. ഗുണഭോക്താക്കള്‍ക്ക് 15 മിനിറ്റിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളുള്‍പ്പെടുന്ന സേവ് ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച മുഴുവന്‍ തുകയും ഗുണഭോക്താക്കളിലേക്ക് എത്തിക്കാനായെന്ന് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ് പറഞ്ഞു.