തിരുവനന്തപുരം: ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റര്‍” എന്ന പേരില്‍ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ വിജിലന്‍സ് നടത്തുന്ന സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ഏറെ ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാഭ്യാസ ധന സഹായം, വിവിധ ധന സഹായം, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, പഠന മുറികളുടെ നിര്‍മ്മാണം തുടങ്ങിയവ അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലേക്കാണ് ”ഓപ്പറേഷന്‍ പ്രൊട്ടക്റ്റര്‍” എന്ന പേരില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന 50 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ച് കോര്‍പ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസര്‍മാരുടെയും, അനുബന്ധ സെക്ഷനുകളിലും ഇന്നലെ രാവിലെ മുതല്‍ ഒരേ സമയം വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തി വരുന്നത്.
പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിച്ചുനല്‍കുന്നതിലേക്ക് തയ്യാറാക്കുന്ന ഗുണഭോക്തൃ പട്ടികയില്‍ അയോഗ്യരായവര്‍ ഇടം പിടിക്കുന്നുണ്ടോയെന്നും, പട്ടികജാതി വികസന ഓഫീസര്‍ മുഖേന ടെണ്ടര്‍ ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോയെന്നും, പട്ടികജാതിക്കാര്‍ക്ക് വേണ്ടിയുള്ള വിവിധ സാമ്പത്തിക സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലേക്ക് ഗ്രാമസഭകള്‍ ചേര്‍ന്ന് തയ്യാറാക്കേണ്ട ഉപഭോക്തൃപട്ടികയില്‍ കൊല്ലം കോര്‍പ്പറേഷന്‍, തിരുവല്ല മുനിസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി, പുനലൂര്‍ മുന്‍സിപ്പാലിറ്റി, ചേര്‍ത്തല മുന്‍സിപ്പാലിറ്റി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.