കോന്നി : കെഎസ്ആർടിസി കോന്നി ഡിപ്പോ പുതിയ സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് തീരുമാനിച്ച ദിവസവും കഴിഞ്ഞു. ഏപ്രിൽ 30-ന് മുൻപായി പുതിയ ഡിപ്പോ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. രണ്ട് മാസം മുൻപ് തണ്ണിത്തോട്ടിലേക്ക് കെഎസ്ആർടിസി ബസുകൾ ഇല്ലെന്ന പരാതിയുമായി സമരരംഗത്തേക്ക് ആൾക്കാർ ഇറങ്ങിയതോടെ കോന്നിയിൽ കെഎസ്ആർടിസിയുടെ ഉന്നതർ പങ്കെടുത്ത യോഗം കൂടി. കോന്നി നിയോജകമണ്ഡലത്തിലെ കെഎസ്ആർടിസി ബസുകളുടെ കുറവായിരുന്നു ചർച്ചാവിഷയം. എംഎൽഎയും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും ഓപ്പറേഷൻ ഡയറക്ടറും പഞ്ചായത്ത് പ്രസിഡന്റുമാരുമായിരുന്നു പ്രധാനമായും യോഗത്തിൽ പങ്കെടുത്തത്. ഏപ്രിൽ 15-നുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്തുവകുപ്പ് പ്രതിനിധികൾ പറഞ്ഞിരുന്നു. ബസുകൾ ഇറങ്ങിപ്പോകുന്ന വഴി സംബന്ധിച്ച് കോന്നി പഞ്ചായത്ത് ചില പരാതികൾ ഉന്നയിച്ചു.
യോഗതീരുമാനമായി ഏപ്രിൽ 30-ന് ബസ് സ്റ്റാൻഡ് തുറക്കാം എന്നായിരുന്നു ഉറപ്പ്. പറഞ്ഞദിവസം കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിലെ പണികൾ പൂർണമായിട്ടില്ല. രണ്ടരയേക്കർ സ്ഥലം കോന്നി പഞ്ചായത്താണ് കെഎസ്ആർടിസിക്ക് വിട്ടുകൊടുത്തത്. പഞ്ചായത്ത് സ്റ്റേഡിയമായി കണ്ടുവെച്ചിരുന്ന സ്ഥലമാണ് ബസ് സ്റ്റാൻഡിന് നൽകിയത്. കെ.യു. ജനീഷ്‌കുമാർ എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഗാരേജും തറ നിരപ്പാക്കലും മറ്റ് നിർമാണങ്ങളും നടത്തിയത്. കോന്നിയിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ 2014-ൽ അനുവദിക്കുമ്പോൾ പഴയ പഞ്ചായത്ത് ബസ് സ്റ്റാൻഡാണ് വിട്ടുകൊടുത്തത്. പഴയ സ്റ്റാൻഡ് തിരികെ കിട്ടണമെന്ന് കോന്നി പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.